അഹമ്മദാബാദ്: കെനിയന്‍ തലസ്ഥാനമായ നെയ്റോബിയിലെ ഷോപ്പിങ് മാളില്‍ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 70 ആയി. ഇതില്‍ നാല്‍പ്പത് പേര് ഇന്ത്യാക്കാരാണെന്ന് ഗുജറാത്തി റിയല്‍ എസ്റ്റേറ്റ് വ്യാപാരി രവി വഖാരിയാ അറിയിച്ചു. നൂറിലധികം മൃതദേഹങ്ങളാണ് മാളിനുള്ളില്‍ ചിന്നിച്ചിതറി കിടക്കുന്നത്.
നേരത്തെ നാല് സ്ത്രീകളടക്കം ഏഴ് ഇന്ത്യക്കാര്‍ മരണപ്പെട്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു. മാളിനുള്ളില്‍ ഭീകരര്‍ ബന്ദികളാക്കിയവരെ പൂര്‍ണ്ണമായും മോചിപ്പിച്ചതായി കെനിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാളിന്റെ നിയന്ത്രണം കെനിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇനിയാരും ബന്ധികളക്കപ്പെട്ട അവസ്ഥയില്‍ മാളില്‍ ഇല്ലെന്നും ട്വിറ്ററിലൂടെ കെനിയന്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ മൂന്നു ദിവസം നീണ്ടു നിന്നു. ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെ വധിച്ചു. സൈന്യത്തിന്റെ പ്രത്യേക സംഘം കെട്ടിടത്തിനുള്ളിലെ ഓരോ മുറികളിലും പരിശോധന നടത്തി വരികയാണ്.
അതേസമയം ആക്രമണത്തിന് പിന്നില്‍ അല്‍ഷബാബ് സംഘടന മാത്രമല്ലെന്നും ആക്രമണം ആഗോള ഭീകരതയുടെ ഭാഗമാണെന്നും ഇതിന് പിന്നില്‍ അല്‍ഖ്വയ്ദയാണെന്നും കെനിയ ആരോപിച്ചു. ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ കെനിയന്‍ വിദേശകാര്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ആയുധധാരികളായ 20 അംഗ ഭീകര സംഘമാണ് മാളില്‍ ആക്രമണം നടത്തിയതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍.
ഭീകരര്‍ക്കെതിരെ നടത്തിയ സൈനിക നടപടികള്‍ക്ക് പൂര്‍ണ പിന്തുണ നല്കി അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം സൊമാലിയന്‍ തീവ്രവാദി സംഘടനയായ അല്‍ ഷബാബ് ഏറ്റെടുത്തിരുന്നു. സോമാലിയയിലേക്ക് കെനിയ സൈന്യത്തെ അയച്ചതിലുള്ള പ്രതിഷേധമായാണ് ആക്രമണം നടത്തിയതെന്നായിരുന്നു അല്‍ ഷബാബ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കെനിയന്‍ പ്രസിഡന്റ് ഉഹ്റു കെനിയാത്തയുടെ അടുത്ത ബന്ധുക്കളും കാനഡ, ഘാന എന്നീ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: