മരട്: നെട്ടൂരില്‍ വേമ്പനാട്ടുകായലോരത്ത് വന്കയ്യേറ്റവും കണ്ടല്നശീകരണവും. ദേശീയ ജലപാതയുടെ നെട്ടൂര്‍ ഭാഗത്താണ് ഭൂമാഫിയകളുടെ നേതൃത്വത്തില്‍ കായലോരത്ത് 25 ഏക്കറോളം സ്ഥലത്തെ കണ്ടല്‍ മരങ്ങള്‍ വെട്ടിമാറ്റിയത്. കഴിഞ്ഞ നാലുദിവസമായി നടന്നുവരുന്ന കണ്ടല്‍ നശീകരണത്തിനെതിരെ പ്രദേശത്തെ മത്സ്യതൊഴിലാളികളും നാട്ടുകാരും ജില്ലാ കളക്ടര്‍ക്കും മറ്റും പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഇരുപത്തഞ്ചോളം പേരെ ഉപയോഗിച്ച് കണ്ടല്‍ മരങ്ങള്‍ ഭൂമാഫിയ വെട്ടിനശിപ്പിച്ചത്.
പ്രദേശത്ത് കായലോരത്തുകൂടി തീരദേശറോഡ് നിര്‍മ്മിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനായി കായലോരത്ത് താമസിക്കുന്ന പലരും ഭൂമി വിട്ടുനല്കാമമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ഫണ്ട് നല്കാന് നഗരസഭയും തീരുമാനിച്ചിരുന്നു. ഇതു മറയാക്കിയാണ് ഭൂമാഫിയകള്‍ കണ്ടലുകള്‍ വെട്ടിനശിപ്പിച്ച് കായല്‍ കയ്യേറാന്‍ നീക്കങ്ങള്‍ നടത്തിയതത്രെ. സംഭവം പുറത്തറിഞ്ഞതിനെതുടര്‍ന്ന് നഗരസഭാ കൗണ്‍സിലര്‍ സുകുമാരി ഇന്ദ്രന് പനങ്ങാട് പോലീസില്‍ പരാതിനല്‍കി. പോലീസ് സ്ഥലത്തെത്തിയെങ്കിലും കണ്ടല്വെട്ടാന് നേതൃത്വം നല്കിയ റിയല്‍ എസ്റ്റേറ്റുകാരും, തൊഴിലാളികളും സ്ഥലത്തുനിന്നും കടന്നു കളഞ്ഞു. വിവരം ലഭിച്ച് വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടല്‍ നശികരണത്തിനുപുറമെ കായലിലെ ചെളിഉപയോഗിച്ച് ഭൂമി നികത്തലും വ്യാപകമായി നടന്നു വരുന്നുണ്ട്.
തീരദേശറോഡിന്റെ മറവില്‍ ഭൂമാഫിയ നടത്തുന്ന കായല്‍ കയ്യേറ്റം അനുവദിക്കില്ലെന്ന് മരട് നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ.ദേവരാജന്‍ പറഞ്ഞു. കണ്ടല്വെട്ടിമാറ്റാനോ കായല്‍ തീരം നികത്താനോ നഗരസഭ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. നിയമവിരുദ്ധമായ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നും നഗരസഭാ ചെയര്മാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: