കെയ്റോ: മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്ന സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിനെ ഈജിപ്തില്‍ നിരോധിച്ചു. കെയ്റോ കോടതി ഇന്നലെ ഏറെ വൈകിയാണ് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പേരിലാണ് സംഘടനയെ നിരോധിച്ചത്.
മുസ്ലിം ബ്രദര്‍ഹുഡിനെ നിരോധിച്ച സാഹചര്യത്തില്‍ എല്ലാ സ്വത്തുകളും കോടതി കണ്ടുകെട്ടുമെന്നാണ് റിപ്പോര്‍ട്ട്. മുഹമ്മദ് മുര്‍സി അധികാര ഭ്രഷ്ടനാക്കപ്പെടുകയും ജൂലൈ 3ന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് മുസ്ലിം ബ്രദര്‍ ഹുഡിനെതിരായ നീക്കം തുടങ്ങിയത്. സംഘടനയെ കഴിഞ്ഞ മാസം നിരോധിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും താല്കാലികമായി തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന മുര്‍സിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ നടത്തിയ പ്രക്ഷോഭം പലപ്പോഴും യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ ബ്രദര്‍ ഹുഡ് പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ സൈനിക നടപടിയില്‍ നൂറ് കണക്കിനു പേര് കൊല്ലപ്പെട്ടിരുന്നു. 1928 ല്‍ രൂപീകരിച്ച ബ്രദര്‍ഹുഡ് 85 വര്‍ഷം പഴക്കമുള്ള സംഘടനയാണ്. 1954ല്‍ സൈനിക ഭരണകൂടം ബ്രദര്‍ഹുഡിനെ നിരോധിച്ചിരുന്നു. അതേവര്‍ഷം തന്നെ സംഘടനയെ എന്‍ജിഒ ആയി രജിസ്ടര്‍ ചെയ്തു. ബദര്‍ഹുഡിന്റെ രാഷ്ട്രീയ സംഘടനയായി ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി എന്ന പേരില്‍ 2011ല്‍ രൂപീകരിച്ചു. മുസ്ലിം ബ്രദര്‍ഹുഡിന്റെ പരിവാര്‍ സംഘടനകള്‍ക്കും നിരോധനം ബാധകമാണ്. ബ്രദര്‍ഹുഡ് നേതാക്കളടക്കം 2000 തോളം പേര് നിലവില്‍ ജയിലുകളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: