ന്യൂദല്‍ഹി: അറ്റോര്‍ണി ജനറല്‍ വഹന്‍വതിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ സ്വരത്തില്‍ ഫോണ്‍കോള്‍.
സോണിയാഗാന്ധിയെന്ന് പരിചയപ്പെടുത്തിയ ഇവര്‍ ഉന്നതര്‍ ഉള്‍പ്പെടുന്ന കല്‍ക്കരി അഴിമതി കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ എജിയെ അസംതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
ദല്‍ഹി പോലീസും സിബിഐയും നടത്തിയ അന്വേഷണത്തില്‍ പിഎസ്യുവിലെ ഒരു ജീവനക്കാരിയാണ് ഫോണ്‍കോളിന്റെ പിന്നിലെന്ന് തെളിഞ്ഞു.
ഈ മാസം അഞ്ചിനും പതിനൊന്നിനുമായിരുന്നു യുപിഎ അധ്യക്ഷ എന്ന് സ്വയം പരിചയപ്പെടുത്തിയ ഫോണ്‍കോള്‍ വഹന്‍വതിക്ക് ലഭിച്ചത്. അല്‍പ്പസ്വല്‍പ്പം കളവ് പറയാമെന്ന് ഇവര്‍ എജിയെ ഉപദേശിച്ചത്രെ. സോണിയയുടെ ശബ്ദവുമായി ഏറെ സാദൃശ്യമുള്ള ശബ്ദമായിരുന്നു ഇവരുടേത്.
സോണിയാഗാന്ധി ചികിത്സക്കായി ന്യൂയോര്‍ക്കിലായിരുന്ന സമയത്തായിരുന്നു ഫോണ്‍ സന്ദേശമെത്തിയത്. സംഭവത്തില്‍ അസ്വാഭാവികത തോന്നിയ വഹന്‍വതി ഇക്കാര്യം മുതിര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കളെ അറിയിക്കുകയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. പോലീസ് അന്വേഷണം തുടരുകയാണ്. കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല. ഇതൊരു ചെറിയ കാര്യമാണെന്നും പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നും വെറുതെ കോണ്‍ഗ്രസിനെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും കോണ്‍ഗ്രസ് എംപി അജയ് മാക്കന് പ്രതികരിച്ചതായി ഒരു ദേശീയ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: