കൊച്ചി: നേവി, മാരിടൈം എക്സിബിഷനും കോണ്‍ഫറന്‍സുമായ നാംഎക്സ്പോ 2013ന് കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍ തുടക്കമായി.
അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടി മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്തു. സൂപ്പര്ശക്തിയാകാനുള്ള ലക്ഷ്യം കൈവരിക്കാന്‍ രാജ്യം മാരിടൈം മേഖലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ മാരിടൈം ക്രാഫ്റ്റിനെ പടുത്തുയര്‍ത്താന്‍ അധിക ഫണ്ട് വകയിരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും അദ്ദേഹം അറിയിച്ചു.
രാജ്യത്തിന്റെ പ്രതിരോധനിര ശക്തിപ്പെടുത്താന്‍ ലോകത്ത് ലഭ്യമായ മികച്ച സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും സായുധസേനയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്വകാര്യമേഖലയ്ക്ക് സുപ്രധാന പങ്ക് വഹിക്കാനാവുമെന്നും വൈസ് അഡ്മിറല്‍ സതീഷ് സോണി പറഞ്ഞു.
സിഐഐ (സതേണ്‍ റീജിയണ്‍) മുന്‍ ചെയര്‍മാനും സീലിംങ്ങ്സ് ആന്റ് ജോയന്റിംഗ്സ് ലിമിറ്റഡ് എംഡിയുമായ കെകെഎം കുട്ടി, ബ്രഹ്മോസ് സിഎംഡി ഡോ. എ. ശിവ്താണു പിള്ള, സിഐഐ (കേരള സ്റ്റേറ്റ്) മുന്‍ ചെയര്‍മാനും സിജിഎച്ച് എര്‍ത്ത് എംഡിയുമായ ജോസ് ഡൊമനിക് എന്നിവരും പങ്കെടുത്തു. യുഎസ്, യുകെ, ജര്‍മ്മനി, റഷ്യ, ജപ്പാന്, ഫ്രാന്‍സ് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളും എക്സ്പോ കാണാനെത്തി.
മറൈന്‍ കമാന്‍ഡോകളുടെ അതിശയിപ്പിക്കുന്ന പ്രകടനവും അരങ്ങേറി. മാരിടൈം എക്സിബിഷനില്‍ ലോകമെങ്ങുനിന്നും വിവിധ രാജ്യങ്ങള്‍ നേവല്‍ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണുള്ളത്. സര്‍വെയ്ലന്‍സ്, നാവിഗേഷന്‍, ടാര്‍ഗറ്റ് അക്വിസിഷന്‍ എന്നീ മേഖലകളിലെ അത്യാധുനിക സാങ്കേതികവിദ്യകളാണ് പ്രധാനമായും പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയുടെ സൂപ്പര്‍സോണിക് ക്രൂസ് മിസെയിലായ ബ്രഹ്മോസാണ് ഇന്ത്യന്‍ പവലിയന്റെ പ്രധാന ആകര്‍ഷണം. പൊതുജനങ്ങള്‍ക്ക് വെള്ളിയാഴ്ച എക്സ്പോ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: