പരിചയസമ്പന്നരായ ഗുരുക്കന്മാര്, ആത്മീയരംഗത്തില് പ്രവര്‍ത്തിക്കാന്‍ ഇച്ഛിക്കുന്നവരോട്, ധ്യാനത്തിന്റെ രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് മുമ്പ്, ധ്യാനാസനത്തില്‍ തങ്ങളുടെ ശരീരത്തെ അയച്ചുവിടാന്‍ ഉപദേശിക്കുന്നത്. ഈ അയച്ചുവിടല്‍ ‘ചിന്താസംവാഹനം’ എന്ന ഒരു നടപടിക്രമത്തിലൂടെ നിര്‍വ്വഹിക്കപ്പെടുന്നു. അതായത്, ഉപാസകന് കണ്ണുകളടച്ച് സ്വചിന്തയെ ബോധപൂര്‍വം ശരീരത്തിന്റെ കീഴ്ഭാഗങ്ങളിലേക്ക് ഇറക്കിവിടുകയും മൃദുവായി തഴുകിക്കൊണ്ട് ഓരോ മാംസപേശിയും അയച്ചുവിടുകയും ചെയ്യുന്നു. കഴുത്ത് മുതല്‍ അങ്ങിനെ ആരംഭിക്കുന്നുവെന്ന് പറയാം. ശരീരത്തിന്റെ വിവിധഭാഗങ്ങളെയും അവന് തന്റെ വിചാരങ്ങളെക്കൊണ്ട് സംവാഹനം ചെയ്യിക്കുന്നു. ആദ്യമായി കഴുത്തിന് ചുറ്റുമുള്ള മാംസപേശികളെയെല്ലാം അയച്ചുവിടാന്‍ അവന് ആഗ്രഹിക്കുന്നു. പിന്നെ അവിടെ നിന്ന് സ്കന്ധങ്ങളിലേക്ക് വരുന്നു; അവിടുത്തെ മാംസപേശികള്ക്കെല്ലാം പൂര്‍ണവിശ്രമം നല്‍കിക്കൊണ്ട് മാറിന്റേയും ഉദരത്തിന്റെയും മാംസപേശികളെ വിചാരം സാഭിപ്രായം പരിശോധിക്കുന്നു. ശരീരത്തിന്റെ ഓരോ മുക്കുംമൂലയും ചുറ്റിത്തിരിഞ്ഞുകൊണ്ട് അവന്റെ വിചാരങ്ങള്‍ പാര്‍ശ്വഭാഗങ്ങള്‍ക്കും പിന്‍ഭാഗത്തിനും തുടകള്‍ക്കും കണങ്കാലുകള്‍ക്കും കൈകള്‍ക്കും ചുറ്റിലും ക്രമേണ സഞ്ചരിക്കുന്നു. ഒരു ഉപേക്ഷാഭാവത്തില്‍ വലംകൈവിരലുകള്‍ ഇടംകൈവിരലുകളുമായി കോര്ത്തുപിടിച്ചുകൊണ്ടും മാംസപേശികളെല്ലാം തളര്ത്തിവിട്ടുകൊണ്ടും മുന്‍വശം തന്നെ രണ്ടു കൈകള്‍ക്കും വിശ്രമം നല്‍കാനുള്ള ആ ഇരുപ്പ് വളരെയേറെ സുഖകരമാണെന്ന് പരിചയം നിങ്ങള്‍ക്ക് കാട്ടിത്തരുന്നതായിരിക്കും.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: