ന്യൂദല്‍ഹി: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് വര്‍ധിച്ചു. ഈ മാസം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 11,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
രൂപയുടെ മൂല്യ ശോഷണം തടയുന്നതിനും സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കുന്നതിനും ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ് രഘുറാം രാജന് സ്വീകരിച്ച നടപടികളാണ് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് വര്‍ധിക്കാന്‍ കാരണമായി പറയുന്നത്.
സപ്തംബര്‍ രണ്ട് മുതല്‍ ഇരുപത് വരെയുള്ള കാലയളവില്‍ 11,043 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുകിയത്. 985 കോടി രൂപയാണ് ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ആഗസ്റ്റില്‍ ആഭ്യന്തര മൂലധന വിപണിയില്‍ നിന്നും 16,000 കോടി രൂപയാണ് മൊത്തം പിന്‍വലിച്ചിരിക്കുന്നത്.
ഈ മാസം നാലിനാണ് രഘുറാം രാജന് ആര് ബി ഐ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുന്നതിനും നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുമുള്ള ഒട്ടനവധി നടപടികള്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഈ വര്‍ഷം ഇതുവരെ 71,212 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 31,883 കോടി രൂപ പിന്‍വലിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: