ബെര്‍ലിന്‍: ജര്‍മ്മനിയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ആഞ്ചല മെര്‍ക്കല്‍ വീണ്ടും ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ടു. മെര്‍ക്കല്‍ നേതൃത്വം നല്കുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 42 ശതമാനം വോട്ടുകള്‍ നേടിയ മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് കേവലഭൂരിപക്ഷത്തിന് അഞ്ച് സീറ്റുകളുടെ കുറവുണ്ട്. അതുകൊണ്ട് സോഷ്യല്‍ ഡെമോക്രാറ്റുകളുമായി ചേര്‍ന്നായിരിക്കും മെര്‍ക്കല്‍ സര്‍ക്കാര്‍ രൂപീകരിക്കുക.
പ്രധാനപ്രതിപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 26 ശതമാനം വോട്ടാണ് ലഭിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ആഞ്ചല മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇതോടെ യൂറോപ്പില്‍ എറ്റവും കൂടുതല്‍ കാലം ഭരണത്തിലിരിക്കുന്ന വനിതാ നേതാവെന്ന മാര്‍ഗരറ്റ് താച്ചറുടെ റെക്കോര്‍ഡ് 59 കാരിയായ മെര്‍ക്കല്‍ മറികടക്കും.
യൂറോപ്പിന്റെ സാമ്പത്തിക പ്രതിസന്ധിയിലും ആഞ്ചല മെര്‍ക്കലിന്റെ വ്യക്തിപ്രഭാവമാണ് ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ 2010ന് ശേഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ അധികാരത്തിലെത്തുന്ന ആദ്യ നേതാവ് കൂടിയാണ് മെര്‍ക്കല്‍.
തെരഞ്ഞെടുപ്പ് വിജയത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ആഞ്ചല മെര്‍ക്കല്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എതെല്ലാം പാര്‍ട്ടികളെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമീപിക്കുമെന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: