ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വേകളും എക്സിറ്റ് പോളുകളും നിരോധിക്കാന്‍ തടസമില്ലെന്ന് കേന്ദ്ര സര്‍ക്കാരിന് നിയമോപദേശം. അറ്റോര്‍ണി ജനറല്‍ ജി.ഇ.എന്‍ വാഹന്‍വതിയാണ് നിയമോപദേശം നല്‍കിയത്. തെരഞ്ഞെടുപ്പ് കാലത്ത് അഭിപ്രായ സര്‍വേകളും എക്സിറ്റ് സര്‍വേകളും നിരോധിക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര നിയമമന്ത്രാലയം ഉപദേശം തേടിയത്.
2004ല്‍ അന്നത്തെ എ.ജി സോളി സൊറാബ്ജി നല്കിയ നിയമോപദേശത്തില്‍ എക്സിറ്റ് പോളുകള്‍ നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേ തീരുമാനം എടുക്കൂവെന്ന് നിയമമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. നിലവിലെ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പിനു 48 മണിക്കൂര്‍ മുമ്പ് മാത്രമാണ് എക്സിറ്റ് പോളുകള്‍ നിരോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉള്ളത്.
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ എം.പിമാരും എം.എല്‍.എമാരും അയോഗ്യരാകുമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. കോടതി ഉത്തരവ് മറികടക്കാന്‍ നിയമഭേദഗതി കൊണ്ടുവരാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും രണ്ട് സഭകളിലും പാസാക്കിയെടുക്കാനായില്ല. ഈ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് കോണ്ടു വരാന്‍ നീക്കം തുടങ്ങിയത്. അടുത്ത സമ്മേളനത്തില്‍ ബില്ല് പാസാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: