ഫ്ലോറിഡ: അടിയന്തരാവസ്ഥയെത്തുടര്‍ന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെയുണ്ടായ ജനവികാരം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഒമ്പത് വര്‍ഷത്തെ ഭരണംകൊണ്ട് ജനങ്ങള്‍ക്ക് എന്ത് നേട്ടമാണുണ്ടായതെന്ന് പറയാന്‍ യുപിഎ നേതൃത്വത്തെ മോദി വെല്ലുവിളിച്ചു. “രാജ്യത്തെ ഇടിച്ചുതാഴ്ത്തിയ ഈ സര്‍ക്കാര്‍ പോയേ തീരൂ. ഈ സര്‍ക്കാരിനെ ജനാധിപത്യപരമായിതന്നെ ഭരണത്തില്‍നിന്ന് തൂത്തെറിയാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറ്റാനും നാം ശ്രമിക്കണം”- പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പ്രവാസി ഭാരതീയരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയായിരുന്നു മോദി.
ഈ തെരഞ്ഞെടുപ്പ് ഏതെങ്കിലും സ്ഥാനമാനങ്ങള്ക്കുവേണ്ടിയുള്ളതല്ലെന്നും മറിച്ച് പാവങ്ങളുടെ കണ്ണീരൊപ്പാനാണെന്നും മോദി പറഞ്ഞു. അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലേറ്റാന്‍ അര്‍ത്ഥപൂര്‍ണമായ പങ്ക് വഹിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യക്കാരോട് പ്രത്യേകിച്ച് ബിജെപി അനുഭാവികളോട് മോദി ആവശ്യപ്പെട്ടു.
ജനങ്ങള്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്ന് പറയാതെ കോണ്‍ഗ്രസ് പാര്‍ട്ടി ഓടിയൊളിക്കുകയാണെന്ന് മോദി ആരോപിച്ചു. സ്ഥാപിതതാല്പര്യക്കാര് കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തെ പുകഴ്ത്തുകയാണ്. 2014 തെരഞ്ഞെടുപ്പില്‍ ഈ സ്ഥാപിതശക്തികള്ക്കെതിരെ നാം പോരാടേണ്ടതുണ്ട്, മോദി പറഞ്ഞു. ബിജെപി-യുഎസ്എയുടെ രണ്ട് ദിവസത്തെ വാര്‍ഷിക കണ്വെന്ഷന് സമാപനം കുറിച്ചുകൊണ്ടാണ് മോദി അമേരിക്കയിലെ പ്രവാസി ഭാരതീയരെ അഭിസംബോധന ചെയ്തത്. മോദിയെ അടുത്ത പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കണമെന്ന് ഇന്ത്യന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം കണ്വെന്ഷന് പാസാക്കി.
അമേരിക്കയിലെ 22 സംസ്ഥാനങ്ങളില്‍നിന്നുള്ള നൂറിലേറെ പ്രതിനിധികള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ ബിജെപി വക്താവും പ്രമുഖ സിനിമാതാരവുമായ സ്മൃതി ഇറാനി പങ്കെടുത്തു. അടുത്ത തെരഞ്ഞെടുപ്പില്‍ 272 സീറ്റ് നേടി ബിജെപി അധികാരത്തിലേറാനുള്ള ‘മിഷന് 2014’ എന്ന പദ്ധതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കണ്വെന്ക്ഷനില് പങ്കെടുത്തവര്‍ ദൃഢപ്രതിജ്ഞയെടുത്തു. കണ്‍വെന്‍ഷന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ആയിരത്തോളം പേര് പങ്കെടുത്തു.
കെനിയയിലെ ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്ക് മോദി അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഭീകരവാദത്തെ ലോകത്തുനിന്ന് തുടച്ചുനീക്കേണ്ട സമയമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അല്ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ ആറ് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ഭാരതത്തിന് മാത്രമല്ല ലോകത്തിനും വഴികാട്ടിയാണെന്ന് മോദി ചൂണ്ടിക്കാട്ടി. “ഇരുപത്തൊന്നാം നൂറ്റാണ്ട് ഭാരതത്തിന്റേതാണെന്ന് വാജ്പേയി സര്‍ക്കാര്‍ തോന്നിപ്പിച്ചു.” ബിജെപിക്ക് മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനാവൂ. ബിജെപിയിലാണ് ഇപ്പോള്‍ എല്ലാ പ്രതീക്ഷയും. ബിജെപിയിലെ ആരെങ്കിലും ഒരു ചുമതലയേറ്റാല്‍ അത് പൂര്‍ണമായി നിറവേറ്റും, മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: