കൊച്ചി: ഡിസംബര്‍ 21 വരെ കടവന്ത്ര റീജ്യണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടക്കുന്ന കൊച്ചി ഗെയിംസിനു തുടക്കമായി. റീജ്യണല്‍ സ്പോര്‍ട്സ് സെന്റര്‍ ആതിഥേയത്വം വഹിക്കുന്ന ഗെയിംസിനു ഡെക്കാത്തലണ്‍ സ്പോര്‍ട്സ് ഇന്ത്യയും നാഷണല്‍ ഗെയിംസ് സെക്രട്ടറിയേറ്റും സംയുക്ത പങ്കാളികളും എസ്.സി.എം.എസ് കൊച്ചി എജ്യോൂക്കേഷണല് പാര്‍ട്ണറുമാണ്. കേരളത്തില്‍ നടക്കാന്‍ പോകുന്ന അടുത്ത ദേശീയ ഗെയിംസിന്റെ മുഖ്യ വേദികളിലൊന്നാണ് കൊച്ചി. ഈ കായികമേളയുടെ മുന്നോടിയായാണ് കൊച്ചി ഗെയിംസ് സംഘടിപ്പിച്ചിരിക്കുന്നത്. കായികരംഗത്തെക്കുറിച്ചു പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ആരോഗ്യമുള്ള ജീവിത ശൈലി ജനങ്ങളുടെ ഇടയില്‍ ദൃഢമാക്കുക എന്നിലക്ഷ്യങ്ങളും കൊച്ചി ഗെയിംസുകൊണ്ട് ലക്ഷ്യമാക്കുന്നു.
കടവന്ത്ര റീജ്യണല്‍ സ്പോര്‍ട്സ് സെന്ററില്‍ നടന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം നിര്‍വഹിച്ചു. ഹൈബി ഈഡന് എംഎല്‍എ, ജില്ലാ കളക്ടര്‍ പി .ഐ ഷെയ്ഖ് പരീത്, ഡെക്കാത്തലണ്‍ ഇന്ത്യ റീജ്യണല്‍ മാനേജര്‍ തോമസ് ഡി ലിസാസോ, സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജെ ജെയിംസ്, മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്റ്റര്‍ പി.വി ആന്റണി, റീജ്യണല്‍ സ്പോര്‍ട്സ് സെന്റര്‍ സെക്രട്ടറി മനോഹര്‍ പ്രഭു, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എസ്.എ.എസ് നവാസ് എന്നിവര്‍ പങ്കെടുത്തു.
അത്ലറ്റിക്സ്, ബാസ്കറ്റ്ബോള്‍, ടേബില്‍ ടെന്നിസ്, നീന്തല്‍, ഫുട്ബോള്‍, വോളിബോള്‍ മത്സരങ്ങള്‍ കൊച്ചി ഗെയിംസിന്റെ ഭാഗമായി നടക്കും. മൂന്നു എവര്‍റോളിംഗ് ട്രോഫികള്‍ക്കു വേണ്ടി സ്കൂള്‍, കോളേജ്, കോര്‍പ്പറേറ്റ് വിഭാഗങ്ങളില്‍ മത്സരങ്ങള്‍ നടക്കും. ആയിരത്തിലേറെ അത്ലറ്റുകള് പങ്കെടുക്കും. ഡെക്കാത്തലണ്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും ഡയേറ്റെഷ്യന്മാരും തുടങ്ങി ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നയിക്കുന്ന സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ ട്രസ്റ്റ് സ്പോര്‍ട്സ് മെഡിസിന് വിഭാഗത്തിന്റെ സേവനം കൊച്ചി ഗെയിംസിലുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: