കോട്ടയം: കേരളത്തില്‍ താലിബാനിസം നടപ്പാക്കാന്‍ മുസ്ലീംലീഗ് ശ്രമിക്കുന്നു എന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ഓള് കേരളാ പ്രൈവറ്റ് ബാങ്കേഴ്സ് അസോസ്സിയേഷന് സംസ്ഥാനസമ്മേളനത്തില്‍ സംബന്ധിക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
മുസ്ലീംപെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്ലീംലീഗ് സംസ്ഥാനഭാരവാഹികളടക്കം പത്തോളം മുസ്ലീം സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പാര്‍ലമെന്റ് പാസ്സാക്കിയ ശൈശവ വിവാഹനിരോധനനിയമത്തെ അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. മുസ്ലീംലീഗ് ആസൂത്രിതമായി നടപ്പാക്കുന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിത്. മുസ്ലീംപെണ്‍കുട്ടികളുടെ വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യവുമായി ചേര്‍ന്ന യോഗത്തില്‍ മുസ്ലീംലീഗ് സംസ്ഥാന ഭാരവാഹികളടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. ലീഗിന്റെ ഭാഗമായല്ല ഇവര്‍ പങ്കെടുത്തത് എന്ന് പറയുന്ന ലീഗ് നേതൃത്വം ഈ ആവശ്യത്തെ തള്ളിപറയാന്‍ തയ്യാറാവണം. ഭരണഘടനയെ വെല്ലുവിളിക്കുന്ന സമീപനമാണ് മുസ്ലീംലീഗിന്റേത്. മതാചാരം വ്യക്തിപരമാണ്, നിയമം അതിന് അതീതമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: