ന്യൂദല്‍ഹി: ബിജെപിയില്‍ ചേരാനാഗ്രഹിക്കുന്ന പ്രമുഖ വ്യക്തികളെ സര്‍ക്കാര്‍ മനപ്പൂര്‍വ്വം പ്രശ്നത്തിലാക്കുകയാണെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ്. മുന്‍ കരസേനാമേധാവി വി.കെ.സിംഗിനെതിരെ ഉയര്‍ന്ന ആരോപങ്ങളുടെ അടിസ്ഥാനത്തിലാണ് രാജ്നാഥ് സിംഗിന്റെ പ്രസ്താവന.
വി.കെ.സിംഗ് പറയുന്നതാണ് ശരിയെന്നും അദ്ദേഹം അധികാരത്തിലിരുന്നപ്പോള്‍ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയില്ലെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു. സര്‍വീസില്‍ നിന്ന് പിരിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം, അദ്ദേഹം ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുമായി വേദി പങ്കിട്ടതിന് ശേഷമാണ് വി.കെ.സിംഗിനെതിരെ ആരോപണങ്ങള്‍ ഉയരുന്നതെന്നും രാജ്നാഥ് സിംഗ് ചൂണ്ടിക്കാട്ടി.
ദല്‍ഹിയില്‍ വി.കെ.സിംഗ് പ്രശ്നത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. എന്നാല്‍ വി.കെ.സിംഗ് ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. ജമ്മുകശ്മീര്‍ സര്‍ക്കാരിനെ അട്ടിമറിക്കാനും സൈന്യത്തിലെ അധികാരശ്രേണി തകര്‍ക്കാനും ശ്രമിച്ചെന്ന ആരോപണമാണ് വി.കെ.സിംഗിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: