ജയ്പൂര്‍: ഹോം ഗ്രൗണ്ടില്‍ വ്യക്തമായ മുന്‍തൂക്കം നിലനിര്‍ത്തുന്ന ടീമുകളില്‍ പ്രധാനിയാണ് രാജസ്ഥാന് റോയല്‍സ്. ചാമ്പ്യന്‍സ് ലീഗ് ട്വന്റി20യിലെ ആദ്യമത്സരത്തിലും അവര്‍ ആ പെരുമ കാത്തു. ഐപിഎല്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് കിഴടക്കി രാഹുല്‍ ദ്രാവിഡും സംഘവും ടൂര്‍ണമെന്റില്‍ ശുഭാരംഭം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴ് വിക്കറ്റിന് 142ല്‍ ഒതുങ്ങി.19.4 ഓവറില്‍ മൂന്ന് വിക്കറ്റുകള്മാത്രം നഷ്ടപ്പെടുത്തി റോയല്‍സ് ലക്ഷ്യത്തിലെത്തി. ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരായ സച്ചിന് ടെന്‍ഡുല്‍ക്കറും ദ്രാവിഡും തമ്മിലെ പോരാട്ടമെന്നു വിശേഷിപ്പിക്കപ്പെട്ട കളിയില്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു വി. സാംസണും (47 പന്തില്‍ 54) ഹീറോയിസം കാട്ടി.
ആദ്യം ബറ്റ്ടുത്ത ഇന്ത്യന്‍സ് നിരയില്‍ ഡെയ്ന്‍ സ്മിത്ത് (9), സച്ചിന് (15), ദിനേശ് കാര്‍ത്തിക് (2), അമ്പാട്ടി റായിഡു (3) എന്നിവര്‍ തിളങ്ങിയില്ല. നായകന് രോഹിത് ശര്‍മ (37 പന്തില്‍ 44), കീ്റോണ്‍ പൊള്ളാര്‍ഡ് (36 പന്തില്‍ 42)എന്നിവരാണ് ടീമിനെ ഭേദപ്പെട്ട സ്കോ റില്‍ എത്തിച്ചത്. രോഹിത് മൂന്നു ഫോറുകളും രണ്ടു സിക്സറും പറത്തി. പൊള്ളാര്‍ഡ് നാലുതവണപന്ത് അതിര്‍ത്തി കടത്തി; രണ്ടു പ്രാവശ്യം ഗ്യാലറിയിലും എത്തിച്ചു. മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ വിക്രംജിത് മാലിക്ക് റോയല്‍ ബൗളര്‍മാരില്‍ ഏറെ മൂര്‍ച്ചകാട്ടി.
താരതമ്യേന ചെറിയ സ്കോര്‍ പിന്തുടര്‍ന്ന റോയല്‍സിന് ദ്രാവിഡിനെ (1) വേഗം നഷ്ടമായി. റോയല്‍സ് നായകനെ കൗള്‍ട്ടര്‍ നെയില്‍ പൊള്ളാര്‍ഡിന്റെ കൈകളില്‍ എത്തിച്ചു. അജിന്‍ക്യ രഹാനെയും (33) ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. എന്നാല്‍ എട്ടു ബൗണ്ടറികള്‍ ഉതിര്‍ത്ത സഞ്ജുവിനൊപ്പം 24 പന്തില്‍ 27 റണ്‍സ് വാരിയ സ്റ്റ്യുവര്‍ട്ട് ബിന്നിയും ഷെയ്ന് വാട്സനും (22 പന്തില്‍ 27) കത്തിക്കയറിയപ്പോള്‍ റോയല്‍സിന് ആവേശകരമായ ജയം കൈവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: