പറവൂര്‍: ഹിന്ദു സമൂഹത്തിന് നീതി നിഷേധിക്കപ്പെടുന്നതായി ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഹിന്ദൂ ഐക്യവേദി പറവൂര്‍ താലൂക്ക് സമിതി കരുമാലൂരിലെ തട്ടാമ്പടിയില്‍ സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഭൂരിപക്ഷത്തിന് മേല്‍ താണ്ടവമാടാനുള്ളതല്ല ജനാധാപത്യമെന്നും, ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ ഭൂരിപക്ഷത്തെ അവഗണിക്കരുതെന്നും ജനങ്ങള്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടാല്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കപ്പെടുമെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ഈ നാട് മതസഹിഷ്ണതയുടെ നാടാണ്. ഹിന്ദുവിന്റെ രോദനങ്ങള്‍ വനരോദനങ്ങളായി മാറാന്‍ ഇനി അനുവദിക്കില്ല. ഹിന്ദു സമൂഹത്തിന് നേരെ നടക്കുന്ന അധിക്ഷേപങ്ങളും ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികള്‍ക്കെതിരെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും ഹിന്ദുവിന് അറിയാം. എന്നാല്‍ സഹിഷ്ണുതയെ ഇനിയും ചോദ്യം ചെയ്താല്‍ ഹിന്ദു മറിച്ച് ചിന്തിച്ചാല്‍ അതിന് ഉത്തരവാദി അധികാരി വര്‍ഗ്ഗം തന്നയായിരിക്കുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. കരുമാലൂരിലെ ജനവാസ കേന്ദ്രത്തില്‍ ഖബറിടം തുറന്ന ദുഷ്ടശക്തികള്‍ക്കെതിരെയും അവര്‍ക്ക് പിന്തുണ നല്കുന്ന അധികാരി വര്‍ഗ്ഗത്തിനെതിരെയും സമരം നടത്തുന്ന പുതുക്കാട്ടിലെ മുഴുവന്‍ ഹിന്ദുക്കള്‍ക്കുമൊപ്പം ഹിന്ദുഐക്യവേദിയുടെ പിന്തുണയും സഹായവും ഏത് സമയത്തും ഉണ്ടാകുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു.
ചടങ്ങില്‍ ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് കെ.ജി മധു അദ്ധ്യക്ഷത വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു ആമുഖ പ്രഭാഷണം നടത്തി. കെ.പി.എം.എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എന്‍.മോഹനന്, മേഴപ്പറമ്പ് മന ചിത്രഭാനു നമ്പൂതിരിപ്പാട്, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി സുരേഷ്, സെക്രട്ടറി ബിജു ഏലൂര്‍, എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന് വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി ഹിന്ദു ഐക്യവേദി പറവൂര്‍ താലൂക്ക് സംഘടനാ സെക്രട്ടറി കെ.ജി.സജീവ് എന്നിവര്‍ സംസാരിച്ചു. തമ്പി കല്ലുപുറം സ്വാഗതവും, ഷിബു തൈത്തറ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: