ന്യൂദല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗ് കോണ്‍ഗ്രസിനെതിരെ രംഗത്ത്. തനിക്കെതിരായ വിവാദങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. വേദിപങ്കിടല്‍ മാത്രമാണ് തനിക്കെതിരെ ആരോപണം ഉയരാന്‍ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദമായ രഹസ്യാന്വേഷണ ഏജന്‍സിയുടെ (ടിഎസ്പി) നടപടികളെപ്പറ്റി വിശദീകരിക്കുന്നതിനിടെയാണ് ജനറല്‍ വി.കെ. സിംഗ് കോണ്‍ഗ്രസിനെതിരെ തുറന്നടിച്ചത്.
രഹസ്യാന്വേഷണ ഏജന്‍സിയുടെ (ടിഎസ്പി) ധനവിനിയോഗം സംബന്ധിച്ച് സൈന്യവും പ്രതിരോധമന്ത്രാലയവും സംശയകരമായി യാതൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു. പ്രതിരോധ മന്ത്രാലയത്തിലെ ഒരു ജോയിന്റ് സെക്രട്ടറിയാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്നും സിംഗ് പറഞ്ഞു. ടിഎസ്പി രൂപീകരിച്ചത് ഇന്ത്യന്‍ സേനയാണ്. ഇതിന് പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും അംഗീകാരവും ഉണ്ടായിരുന്നു.
ജനറല്‍ വി.കെ. സിംഗിനെതിരായ ആരോപണത്തിനെതിരെ മുന്‍ സൈനികരും പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. വി.കെ. സിംഗിനെതിരായ ആരോപണം തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് അവര്‍ ആരോപിച്ചു. മുന്‍ സൈനിക മേധാവിയായ ജനറല്‍ ബക്ഷിയും റിപ്പോര്‍ട്ട് പുറത്തുവിട്ട സമയത്തെ ചോദ്യംചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: