ലക്നൗ: ഉത്തര്‍ പ്രദശില്‍ മുസാഫര്‍നഗര്‍ കലാപത്തിന്റെ പേരില്‍ ബിജെപി നേതാക്കളെ മാത്രം അറസ്റ്റ് ചെയ്ത് സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ സത്യം മറച്ചുവയ്ക്കുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ് നാഥ് സിംഗ്. എസ്പി സര്‍ക്കാര്‍ എപ്പോഴൊക്കെ അധികാരത്തിലെത്തിയാലും കലാപം വ്യാപിപ്പിക്കുക പതിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലാപത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ സന്ദര്‍ശിച്ച് അവരെ ആശ്വസിപ്പിക്കണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ യുപിയിലെ ജില്ലാഭരണകൂടം തനിക്ക് മുസാഫര്‍ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചതായും രാജ്നാഥ് സിംഗ് വ്യക്തമാക്കി. മുസാഫറിലെ സ്ഥിതി അടിയന്തരാവസ്ഥയിലേതുപോലെയാണെന്നും അടുത്തയാഴ്ച്ച രാഷട്രപതിയെ കണ്ട് ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
യുപി.സര്‍ക്കാരിന് കലാപത്തിലുള്ള പങ്ക് ന്യൂസ് ചാനലുകള്‍ നടത്തിയ ഓപ്പറേഷനിലൂടെ വ്യക്തമായിരിക്കുകയാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. യുപിയിലെ ബിജെപി നേതാവ് ഹുക്കും സിംഗിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയെ കലാപബാധിത പ്രദേശങ്ങളിലെ നാശനഷ്ടങ്ങളും സ്ഥിതിയും സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. യുപിയിലെ ബിജെപി എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അടുത്ത ബുധനാഴ്ച്ച രാഷ്ട്രപതിയെ കാണുമെന്നും അപ്പോള്‍ ഈ റിപ്പോര്‍ട്ട് അദ്ദേഹത്തിന് കൈമാറുമെന്നും സിംഗ് പറഞ്ഞു.
ഇതിനിടെ മുസാഫര്‍നഗര്‍ കലാപത്തിന്റെ പേരില്‍ എസ്പി സര്‍ക്കാര്‍ രണ്ട് ബിജെപി എംഎല്‍എമാരെക്കൂടി അറസ്റ്റ് ചെയ്തു. വ്യാജവീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് കലാപത്തിന് പ്രചോദനം നല്‍കിയെന്നാരോപിച്ച് ബിജെപി എംഎല്‍എ സംഗീത് സോമിനെയാണ് സലാവ വില്ലേജില്‍ നിന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്. എന്നാല്‍ സംഗീതിനെ പോലീസ് അറസ്റ്റ് ചെയ്തതല്ല എന്നും അദ്ദേഹം കീഴടങ്ങുകയായിരുന്നെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. ഗാസിയാബാദിനടുത്ത് നിന്നായി മറ്റൊരു എംഎല്‍എ ഹുക്കും സിംഗിനെ പോലീസ് പിടികൂടിയിരുന്നു. നേരത്തെ അറസ്റ്റിലായ സുരേഷ് റാണയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സംഗീത് സോം ഉള്‍പ്പെടെയുള്ള എംഎല്‍എമാരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഉമാഭാരതിയുടെ നേതൃത്വത്തില്‍ യുപി നിയമസഭക്ക് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: