ന്യൂദല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പൂര്‍ണ പരാജയം. നിത്യോപയോഗ സാധനങ്ങളുടെ വില റോക്കറ്റുപോലെ കുതിക്കുമ്പോള്‍ അതിനെതിരെ നടപടി സ്വീകരിക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി വീഴ്ച വരുത്തി. കഴിഞ്ഞ ഒന്‍പത് വര്‍ഷക്കാലത്തെ ഭരണത്തില്‍ രാജ്യത്ത് ഉള്ളിക്ക് മാത്രം ഉണ്ടായ വിലവര്‍ധന 521 ശതമാനമാണ്. ആഭ്യന്തര മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടുന്ന സാധനങ്ങളുടെ വില റോക്കറ്റുപോലെ കുതിച്ചുയരുമ്പോള്‍ സാധാരണക്കാരന് കണ്ണീരിലേക്കും കയത്തിലേക്കും പതിക്കുകയാണ്. ഉള്ളിവിലക്കൊപ്പം തക്കാളിവിലയും ഉയര്‍ന്നതോടെ സ്ഥിതിഗതി കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. തലസ്ഥാനമായ ദല്‍ഹിയില്‍ ഉള്ളിവില 70 നും 80 നും ഇടയിലാണ്. ഭരണസ്തംഭനത്തിലേക്ക് തന്നെ വഴിതെളിക്കുന്നതാണ് ഉള്ളിയുടെ വിലവര്‍ധന. ചില സ്ഥലങ്ങളില്‍ 67 രൂപ നിരക്കിലും ഉള്ളി ലഭ്യമാകുന്നതായി പറയപ്പെടുന്നുണ്ട്.
തക്കാളി വിലയിലും വന്‍കുതിപ്പാണ് ഉണ്ടായത്. 58-65 രൂപ നിരക്കിലാണ് ദല്‍ഹിയില്‍ വ്യാപാരം നടക്കുന്നത്. സാധനങ്ങളുടെ വിതരണത്തിലുണ്ടായ വീഴ്ചയാണ് വിലവര്‍ധനവിന് കാരണമെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. എന്നാല്‍ മൊത്ത കച്ചവടക്കാര്‍ കുറ്റപ്പെടുത്തുന്നത് ഉത്തരാഖണ്ഡിലെ ദുരന്തത്തെയാണ്.
ഉള്ളിക്കും തക്കാളിക്കുമുണ്ടായ വിലവര്‍ധന അടുത്ത ഒരു മാസം നിലനില്‍ക്കുമെന്ന് അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉപഭോക്താക്കള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ്. സര്‍ക്കാരിന്റെ നടപടി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രംമാത്രമാണെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു.
2004-2013 കാലഘട്ടത്തിനിടയില്‍ ആഹാരസാധനങ്ങള്‍ക്ക് ഉണ്ടായ വിലവര്‍ധന 157 ശതമാനമാണ്. 2004 ല്‍ ഉണ്ടായിരുന്ന ഉള്ളിവിലയിലാണ് 521 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയത്. പച്ചക്കറികള്‍ക്ക് മാത്രമല്ല വിലവര്‍ധന ഉണ്ടായത്. ഗോതമ്പിന്റെയും അരിയുടെയും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഗോതമ്പ് വിലയില്‍ 117 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അരിവിലയില്‍ 137 ശതമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: