ജയ്പൂര്‍:ബലാത്സംഗക്കേസില്‍ അകപ്പെട്ട് ഒരു മന്ത്രി രാജിവച്ച സാഹചര്യത്തില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭക്ക് തുടരാന്‍ അവകാശമില്ലെന്ന് ബിജെപി. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി അശോക് ഗഹ് ലോട്ട് രാജിവക്കണമെന്ന് പ്രതിപക്ഷനേതാവ് വസുന്ധര രാജെ സിന്ധ്യ ആവശ്യപ്പെട്ടു.
സര്‍ക്കാറിന് തുടരാന്‍ അവകാശമില്ല.സ്ത്രീ പീഡകരുടെയും അഴിമതിക്കാരുടെയും നേതൃത്വത്തിലാണ് രാജസ്ഥാനില്‍ ഭരണം നടക്കുന്നത്. ആരോപണവിധേയനായ മന്ത്രിയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്നും വസുന്ധര രാജെ സിന്ധ്യ ആരോപിച്ചു. അശോക് ഗഹ് ലോട്ട്മന്ത്രി സഭയിലെ ഒമ്പത് മന്ത്രിമാര്‍ ആരോപണവിധേയരാണെന്നും സംസ്ഥാനത്തിന്റെ യശസിന് കളങ്കമാണ് ഇപ്പോഴത്തെ ഭരണമെന്നും സിന്ധ്യ ആരോപിച്ചു.
ബലാത്സംഗ വിവാദം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായ ആരോപണം വിവിധകോണുകളില്‍ നിന്നുയരുന്നു. രാജിവച്ച ബാബുലാല്‍ നാഗറിന് ബന്ധമുള്ള ഉദ്യോഗസ്ഥരെയാണ് കേസന്വേഷണം ഏല്‍പ്പിച്ചിരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ലൈംഗികാരോപണത്തെതുടര്‍ന്ന് ഗഹ് ലോട്ട് മന്ത്രിസഭയില്‍ നിന്ന് രാജിവക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ബാബുലാല്‍ നാഗര്‍.
2011 ല്‍ ബന്‍വാരി ദേവി എന്ന നഴ്സിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന കേസില്‍ മന്ത്രിയായിരുന്ന മഹിപാല്‍ മദേന പ്രതിയാകുകയും തുടര്‍ന്ന രാജി വക്കുകയും ചെയ്തിരുന്നു.ബന്‍വാരി ദേവിയെ മന്ത്രിയും കോണ്‍ഗ്രസ് എംഎല് എ യുമായ മല്‍ഖന്‍ സിംഗും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യത്തെ കേസ് . ഈ കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് ബന്‍വാരി ദേവി കൊല്ലപ്പെടുന്നത്. മഹിപാല്‍ മദേന ഇപ്പോള്‍ കേസില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്.
2011ല്‍ സംസ്ഥാന വനം മന്ത്രി രാംലാല്‍ ജാട്ടും സമാനമായ ആരോപണം നേരിട്ടു.ഭില്‍വാര ജില്ലയിലെ 34 കാരിയായ വീട്ടമ്മ പരസ് ദേവി കൊല്ലപ്പെട്ടതിനു പിന്നില്‍ മന്ത്രിക്കു പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്താന്‍ മന്ത്രി സ്വാധീനം ചെലുത്തിയെന്ന വാര്‍ത്തയും ഏറെ കോളിളക്കം സൃഷ്ടിച്ചു. കൊല്ലപ്പെട്ട പരസ് ദേവിയുടെ ഭര്‍ത്താവായിരുന്ന രത്തന്‍ ലാല്‍ ചൗധരി മന്ത്രിയുടെ അടുത്ത അനുയായി ആയിരുന്നു.
ഈ രണ്ടു സംഭവങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഛായക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയതിനു പിന്നാലെയാണ് ബലാത്സംഗക്കേസില്‍ പ്രതിയായി ഒരു മന്ത്രിക്കു പുറത്തു പോകേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: