ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് 2403 അടിയാകുന്നതോടെ ഡാം തുറന്നുവിടുവാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇന്നലെ വൈകിട്ട് 5 മണി വരെയുള്ള ജലനിരപ്പ് 2400.23 അടിയാണ്.
ചെറുതോണി ഡാമില്‍ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു. ഓരോ മണിക്കൂര്‍ ഇടവിട്ട് വെള്ളത്തിന്റെ അളവ് കണ്ട്രോള് റൂമില്‍ നിന്നും കെഎസ്ഇബി അധികൃതരെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ ഭരണകൂടവും ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള് തഹസീല്‍ദാര്‍മാര്‍ക്കും പെരിയാറിന്റെ തീരങ്ങളുടെ അധികാര പരിധിയില്‍പ്പെടുന്ന 6 വില്ലേജ് ഓഫീസര്‍മാര്‍ക്കും നല്‍കിക്കഴിഞ്ഞു. സപ്തംബര്‍ 21, 22 ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വില്ലേജ് ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡാം തുറന്നുവിട്ടാല്‍ പെരിയാറിന്റെ തീരപ്രദേശങ്ങളിലെ കൃഷികള്‍ നശിക്കാന്‍ ഇടവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
ഡാം തുറന്നുവിട്ടാല്‍ ഉണ്ടാകാനിടയുള്ള നാശനഷ്ടങ്ങള്‍ സംബന്ധിച്ചുള്ള കണക്കെടുപ്പുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസത്തേതിനെക്കാള്‍ കുറഞ്ഞ മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ വരെ 64.34 മി. മീറ്റര്‍ മഴ രേഖപ്പെടുത്തിയെങ്കില്‍ ഇന്നലെ അത് 23.04 ആയി കുറഞ്ഞു. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടില്ല. മൂലമറ്റം പവ്വര്‍ ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം പൂര്‍ണതോതിലാക്കി വെള്ളത്തിന്റെ അളവ് കുറയ്ക്കാനും ശ്രമം തുടരുകയാണ്. ഏതായാലും ജലനിരപ്പ് 2403 അടിയാകുന്നതുവരെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: