ജയ്പൂര്‍:ലൈംഗിക ആരോപണത്തെ തുടര്‍ന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിന്നും സിവില്‍ സപ്ലൈസ് മന്ത്രി ബാബുലാല്‍ നാഗര്‍ രാജിവച്ചു. 35കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതിയെ തുടര്‍ന്നാണ് മന്ത്രിയുടെ രാജി.
53കാരനായ ബാബുലാല്‍ നാഗര്‍ രാജസ്ഥാനിലെ അശോക് ഗഹ്ലോട്ട് മന്ത്രിസഭയില്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രിയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് സമ്മര്‍ദ്ദം ശക്തമായതോടെയാണ് മന്ത്രി രാജിക്കു തയ്യാറായത്.
ആദ്യം ആരോപണം നിഷേധിച്ച ബാബുലാല്‍ ഒടുവില്‍ സമ്മര്‍ദ്ദം ശക്തമായതോടെ രാജി നല്‍കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് രാജി അയച്ചുകൊടുത്തതായി ബാബുലാല്‍ നാഗര്‍ വെളിപ്പെടുത്തി. രാജി ലഭിച്ചതായി അറിയിച്ച മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് കേസന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതായ വാര്‍ത്ത നിഷേധിച്ചു. മന്ത്രിക്കു പുറമെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി കേസില്‍ പ്രതിയാകുമെന്നാണ് വിവരം.
ബാബുലാലിനെതിരെ ബലാത്സംഗക്കുറ്റത്തിനു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് പരാതിക്കാരിയായ സ്ത്രീയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി.സംഭവ സമയത്ത് ഇവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും തെളിവായി ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: