ബംഗളൂരു: 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്ക്കുമെന്ന് കര്‍ണാടക ജനതാ പക്ഷ. കെജെപിയുടെ യെദ്യൂരപ്പയാണ് വ്യാഴാഴ്ച തന്റെ പാര്‍ട്ടി ബിജെപിയുമായോ മറ്റേതെങ്കിലും പാര്‍ട്ടിയുമായോ ലയിക്കില്ലെന്നും എന്നാല്‍ എന്‍ഡിഎയെ പിന്തുണയ്ക്കുമെന്നും അറിയിച്ചത്.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായി യെദ്യൂരപ്പ ബുധനാഴ്ച രാവിലെ ചര്‍ച്ച നടത്തിയതു മുതല്‍ കെജെപി-ബിജെപി ലയനം സംബന്ധിച്ച നിരവധി ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. തങ്ങള്‍ ഏകകണ്ഠമായി ബിജെപിയിലോ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ലയിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷേ തങ്ങളുടെ പിന്തുണ എന്ഡിഎക്കായിരിക്കുമെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ വ്യാഴാഴ്ച പറഞ്ഞു.
ബിജെപിയുടെ ദേശീയ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായുള്ള പ്രഖ്യാപനത്തെ യെദ്യൂരപ്പ സ്വാഗതം ചെയ്തിരുന്നു. നേരത്തെ കെജെപി അധ്യക്ഷന്‍ യെദ്യൂരപ്പയും ബിജെപിയുമായി ചങ്ങാത്തം കൂടുന്നത് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: