ഇസ്താംബുള്‍: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ വമ്പന്‍ ടീമുകള്‍ക്ക് തകര്‍പ്പന്‍ വിജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ സിറ്റി, പിഎസ്ജി, നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് എന്നീ ടീമുകളാണ് തകര്‍പ്പന്‍ വിജയവുമായി ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ഗ്രൂപ്പ് ബിയില്‍ നടന്ന പോരാട്ടത്തില്‍ ഗലാറ്റസരയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് റയല്‍ ഗ്രൂപ്പ് ഘട്ടത്തിലെ പടയോട്ടത്തിന് തുടക്കം കുറിച്ചത്. ഭീമന് തുകക്ക് കരാര്‍ പുതുക്കിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുര്‍ക്കി ക്ലബ്ബായ ഗലാറ്റ്സരെയെ നാട്ടുകാരുടെ മുന്നില്‍ നാണം കെടുത്തിയാണ് തിരികെ കയറിയത്. ഇടയ്ക്ക് കൈമോശം വന്നുവെന്ന് കരുതിയ വേഗതയും കൃത്യതയും റൊണാള്‍ഡോയുടെ ബൂട്ടില്‍ സമം ചേര്‍ന്നപ്പോള്‍ സ്പാനിഷ് വീരന്മാര് ഇസ്താംബൂളില്‍ ഫുട്ബോളിന്റെ മനോഹരകാഴ്ച്ചയൊരുക്കി. റൊണാള്‍ഡോ മൂന്നും ബെന്‍സേമ രണ്ടും ഗോളുകള്‍ നേടി.
തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തിന്റെ 32-ാം മിനിറ്റുവരെ ഗലാറ്റസര റയലിനെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടി. കൂടാതെ രണ്ടുമൂന്നുതവണ റയല്‍ ഗോളിയെ പരീക്ഷിക്കാനും ഗലാറ്റ്സര താരങ്ങള്‍ക്കായി. എന്നാല്‍ 33-ാം മിനിറ്റില്‍ ഈ സീസണില്‍ ടീമിലെത്തിയ സ്പാനിഷ് യുവതാരം ഇസ്കോ ടീമിനെ മുന്നിലെത്തിച്ചു. ആഞ്ചല്‍ ഡി മരിയയുടെ പാസില്‍ നിന്നാണ് ഇസ്കോ ഗലാറ്റ്സര വലയിലേക്ക് നിറയൊഴിച്ചത്. ആദ്യപകുതിയില്‍ ഈ ഒരു ഗോളിനാണ് റയല്‍ മുന്നിട്ടുനിന്നത്.
പിന്നീട് 54-ാം മിനിറ്റില്‍ കരിം ബെന്‍സേമ റയലിന്റെ ലീഡ് ഉയര്‍ത്തി. ഡി മരിയ നല്കിയ ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് ബെന്‍സേമ തുര്‍ക്കി ക്ലബ് വലയിലെത്തിച്ചത്. 63-ാം മിനിറ്റില്‍ റൊണാള്‍ഡോ തന്റെ ഹാട്രിക്ക് വേട്ടക്ക് തുടക്കമിട്ടു. ഡി മരിയ നല്കിയ പാസ് ഇസ്കോ തലകൊണ്ട് റൊണാള്‍ഡോക്ക് കൈമാറി. റൊണാള്‍ഡോ സുന്ദരമായ ഷോട്ടിലൂടെ ഗലറ്റ്സര വല കുലുക്കി. തൊട്ടുപിന്നാലെ റയല്‍ ഇസ്കോയെ പിന്‍വലിച്ച് ലോക ഫുട്ബോളിലെ ഏറ്റവും വിലയേറിയ താരമായ ഗരത്ത് ബെയ്ലിനെ കളത്തിലിറക്കി. രണ്ട് മിനിറ്റിനുശേഷം റൊണാള്‍ഡോ തന്റെ രണ്ടാം ഗോളും റയലിന്റെ നാലാം ഗോളും സ്വന്തമാക്കി. ഒരു ഫ്രീ കിക്കിനൊടുവിലാണ് ഗോള്‍ പിറന്നത്. ബെയ്ല് എടുത്ത ഫ്രീകിക്ക് സെര്‍ജിയോ റാമോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ഗലറ്റ്സര വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോളി മുസ്ലേര ഉജ്ജ്വലമായ മെയ്വഴക്കത്തോടെ കുത്തിയകറ്റി. എന്നാല്‍ പന്ത് കിട്ടിയ റൊണാള്‍ഡോ അനായാസം പന്ത് വലയിലെത്തിച്ചു. 81-ാം മിനിറ്റില്‍ റൊണാള്‍ഡോയുടെ പാസില്‍ നിന്ന് ബെന്‍സേമ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കി. മൂന്ന് മിനിറ്റിനുശേഷം ഗലറ്റ്സരയുടെ ആശ്വാസഗോള്‍ പിറന്നു. ഉമുദ് ബുലുട്ടാണ് ആശ്വാസ ഗോള്‍ കണ്ടെത്തിയത്. പിന്നീട് ഇഞ്ച്വറി സമയത്ത് ബെന്‍സേമ നല്കിയ പാസില്‍ നിന്ന് റൊണാള്‍ഡോ തന്റെ ഈ സീസണിലെ ആദ്യ ഹാട്രിക്ക് തികച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഡെന്മാര്ക്ക് ക്ലബ് കോപ്പന്‍ഹേഗനും ഇറ്റാലിയന്‍ വമ്പന്മാരായ ജുവന്റസും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.
ഗ്രൂപ്പ് എയില്‍ സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ജര്‍മ്മന്‍ ടീമായ ബയര്‍ ലെവര്‍ക്യുസനെ തകര്‍ത്താണ് ആദ്യ മത്സരത്തില്‍ ഗംഭീര വിജയം സ്വന്തമാക്കിയത്. സൂപ്പര്‍ താരം വെയ്ന്‍ റൂണിയുടെ ഇരട്ട ഗോളുകളായിരുന്നു മത്സരത്തിലെ പ്രത്യേകത. 22, 70 മിനിറ്റുകളിലാണ് റൂണി ഗോളുകള്‍ നേടിയത്. ഇതോടെ മാഞ്ചസ്റ്ററിനായി റൂണിയുടെ ഗോള്‍ നേട്ടം 200 ആയി. റൂണിക്ക് പുറമെ 59-ാം മിനിറ്റില്‍ സൂപ്പര്‍താരമായ റോബിന് വാന്‍ പെഴ്സയും 79-ാം മിനിറ്റില്‍ അന്റോണിയോ വലന്‍സിയയും യുണൈറ്റഡിനായി ഗോളുകള്‍ നേടി. 54-ാം മിനിറ്റില്‍ സൈമണ്‍ റോഫിള്സും 88-ാം മിനിറ്റില്‍ ഒമര്‍ ടോപ്രാക്കും ബയറിനായി ഗോളുകള്‍ നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റിയല്‍ സോസിഡാഡിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഷക്തര്‍ പരാജയപ്പെടുത്തി. അലക്സ് ടീക്സീരിയയുടെ ഇരട്ട ഗോളുകളായിരുന്നു ഷക്തറിന്റെ ജയത്തിനു പിന്നില്‍.
ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ ബെനഫിക്ക മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആന്റര്ലക്റ്റിനെയും, പാരീസ് സെന്റ് ജര്‍മന്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഒളിമ്പിയാക്കോസിനെയും കീഴടക്കി. ബെനഫിക്കക്ക് വേണ്ടി ഫിലിപ്പ് ഡുറിസിക്കും ലൂയിസാവോയും ഗോളുകള്‍ നേടി. ഒളിമ്പിയാക്കോസിനെതിരായ മത്സരത്തില്‍ ഈ സീസണില്‍ ഫ്രഞ്ച് ക്ലബ് ചരിത്രത്തിലെ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയ ഉറുഗ്വെയ്ന്‍ സ്ട്രൈക്കര്‍ എഡിസണ് കവാനിയാണ് 20-ാം മിനിറ്റില്‍ പിഎസ്ജിയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. അഞ്ച് മിനിറ്റിനുശേഷം വ്ലാഡിമിര്‍ വീസിലൂടെ ഒളിമ്പിയാക്കോസ് സമനില പിടിച്ചു. പിന്നീട് മത്സരത്തിന്റെ 68, 73 മിനിറ്റുകളില്‍ തിയാഗോ മോട്ടോയും 86-ാം മിനിറ്റില്‍ മാര്ക്വിഞ്ഞോയും പിഎസ്ജിക്ക് വേണ്ടി ഗോളുകള്‍ നേടി.
ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് തകര്‍പ്പന്‍ വിജയമാണ് ആഘോഷിച്ചത്. സിഎസ്കെഎ മോസ്കോയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബയേണ്‍ തകര്‍ത്തുവിട്ടത്. മൂന്നാം മിനിറ്റില്‍ ഡേവിഡ് ആലാബ, 41-ാം മിനിറ്റില്‍ മരിയോ മാന്‍സുകിച്ച്, 68-ാം മിനിറ്റില്‍ അര്ജന് റോബന് എന്നിവരാണ് ബയേണിന് വേണ്ടി ഗോളുകള്‍ നേടിയത്.
മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിക്കും എവേ മത്സരത്തില്‍ വിജയത്തോടെ തുടങ്ങാനായി. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ചെക്ക് ടീം പ്ലസനെയാണ് സിറ്റി തകര്‍ത്തുവിട്ടത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 48-ാം മിനിറ്റില്‍ സെക്കോ, 53-ാം മിനിറ്റില്‍ യായാ ടൂറേ, 58-ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോ എന്നിവരാണ് സിറ്റിയുടെ ഗോളുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: