മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായി ലിബറല്‍ പാര്‍ട്ടിയിലെ ടോണി അബോട്ട് സത്യപ്രതിജ്ഞ ചെയ്തു. കാന്‍ബെറയിലെ ഗവണ്മെന്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജനറലിനു മുന്നിലാണ് അബോട്ട് സത്യവാചകം ചൊല്ലിയത്. 19 മന്ത്രിമാരും അബോട്ടിനൊപ്പം ചുമതലയേറ്റു.
രാഷ്ട്രീയ അഭയ നിബന്ധകള്‍ കര്‍ശനമാക്കല്‍, കാര്‍ബണ്‍ ടാക്സ് ഉപേക്ഷിക്കല്‍ എന്നിവയാണ് ഭരണത്തിന്റെ തുടക്കത്തില്‍ അബോട്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്ന പ്രധാന നടപടികള്‍. ഒരു നിശ്ചിത അളവിലധികം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറംതള്ളുന്ന കമ്പനികള്‍ക്ക് നേരത്തെ നികുതിയേര്‍പ്പെടുത്തിയിരുന്നു. തൊഴിലില്ലായ്മയ്ക്കും ഊര്‍ജ രംഗത്തെ വിലക്കയറ്റത്തിനും ഇതു കാരണമായെന്നാണ് അബോട്ടിന്റെ വിലയിരുത്തല്‍.
അതേസമയം, മന്ത്രിസഭയില്‍ സ്ത്രീകള്‍ക്ക് കാര്യമായ പ്രാതിനിധ്യം നല്‍കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വിദേശകാര്യ വകുപ്പിന്റെ ചുമതലയുള്ള ജൂലി ബിഷപ്പാണ് മന്ത്രിസഭയിലെ ഏക വനിതാ അംഗം. 150 അംഗ ജനപ്രതിനിധി സഭയിലേക്ക് സപ്തംബര്‍ ഏഴിനു നടന്ന തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളുമായാണ് അബോട്ട് നയിച്ച ലിബറല്‍ -നാഷണല്‍ പാര്‍ട്ടി സഖ്യം ഭൂരിപക്ഷം ഉറപ്പിച്ചത്.
ആറുവര്‍ഷം നീണ്ട ലേബര്‍ പാര്‍ട്ടി ഭരണത്തിന് അന്ത്യം കുറിക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: