ലക്നൗ: ഉത്തര്‍പ്രദേശില്‍ മായാവതി സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ വൈദ്യുതി അഴിമതി നടന്നതായി സിഎജി റിപ്പോര്‍ട്ട്. വൈദ്യുതി വാങ്ങല്‍, വിതരണം ചെയ്യല്‍ വൈദ്യുത പദ്ധതികളുടെ നവീകരണം എന്നിവയുമായി ബന്ധപ്പെട്ട് 16,000 കോടി രൂപയുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുപി പവര്‍ കോര്പ്പറേഷന് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
അലഹാബാദിലെ ബാര തെര്‍മല്‍ പവര്‍ പദ്ധതി ജെപി അസോസിയേറ്റ്സ് ലിമിറ്റഡിന് കൈമാറുകയും 25 വര്‍ഷത്തെ വൈദ്യുതി വാങ്ങല്‍ കരാറില്‍ ഒപ്പുവയ്ക്കുകയും വഴിയായി 10,831.82 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറിന് അന്തിമ രൂപം നല്‍കുന്നതിന് രണ്ട് വര്‍ഷത്തെ കാലതാമസം നേരിട്ടതും ചെലവ് വര്ധിപ്പച്ചതായി സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ആഗ്രയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനായി എം/എസ് ടൊറന്റ് പവര്‍ ലിമിറ്റഡിന് കരാര്‍ അനുവദിച്ചതിലൂടെ സര്‍ക്കാര്‍ ഖജനാവില്‍ 5,022.24 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പവര്‍ ട്രാന്സ്മിഷന് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളിലെ പിടിപ്പുകേട് കാരണം 372 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടിരിക്കുന്നതെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജെപി ഗ്രൂപ്പിന് അനുവദിച്ച ബാര, കര്‍ച്ചന പദ്ധതികളുടെ കരാര്‍ പിന്‍വലിക്കണമെന്ന് ഊര്‍ജ്ജമേഖലയിലെ തൊഴിലാളികളുടെ ഫെഡറേഷനായ വിദ്യുത് കര്‍മചാരി സംയുക്ത് സംഘര്‍ഷ് സമിതി ആവശ്യപ്പെട്ടു. അഴിമതിയെ കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് ഊര്‍ജ ഉപഭോക്താക്കളുടെ സമിതിയായ യുപി രാജ്യ വിദ്യുതി ഉപഭോക്ത പരിഷത്തും ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: