ന്യൂദല്‍ഹി: ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം അമിത് കുമാര്‍ ഇന്നലെ റഫറിയിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മോശപ്പെട്ട റഫറിയിംഗും അവസാനഘട്ടങ്ങളിലെ തനിക്കെതിരായ തീരുമാനങ്ങളുമാണ് സ്വര്‍ണ മെഡല്‍ നഷ്ടപ്പെടുത്തിയതെന്ന് 55 കിലോ ഭാരമുള്ളവരുടെ ഫൈനലില്‍ ഇറാന്റെ ഹസ്സന് ഫര്മാന് റാഹിമിയോട് ഏറ്റുമുട്ടിയ അമിത് പറഞ്ഞു.
അമിത് കുമാര്‍ 1-2നാണ് റഹിമിയോട് പരാജയപ്പെട്ട് വെള്ളി മെഡല്‍ നേടിയത്. ഹംഗറിയിലെ ബുഡാപെസ്റ്റിലെ പാപ്പ ലസ്ലോ അറീനയില്‍ തിങ്കളാഴ്ചയാണ് ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം മത്സരിച്ചത്. ബുഡാപെസ്റ്റില്‍ നിന്നും ഫോണിലൂടെ സംസാരിച്ച 19കാരനായ അമിത് സ്വര്‍ണ മെഡല്‍ നഷ്ടപ്പെട്ടതിലെ നിരാശ മറച്ചു വച്ചില്ല. രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ ഇന്ത്യക്കാരനായ സുശീല്‍കുമാര്‍ മാത്രമാണ് 2010ല്‍ മോസ്കോയില്‍ നടന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഹിമിക്കെതിരായ ഫൈനല്‍ മത്സരം കടുത്തതായിരുന്നു. തങ്ങളിരുവരും പല്ലും നഖവും ഉപയോഗിച്ച് മത്സരിച്ചു. താന്‍ കൂടുതല്‍ പ്രതിരോധിക്കുന്നതിനെയും നിഴല്‍ ഗുസ്തി നടത്തുന്നതിനെയും എതിര്‍ത്ത് റഫറി മുന്നറിയിപ്പ് നല്കി. ഇത് മറ്റൊരു തരത്തില്‍ ഇറാന് താരത്തിന് തന്റെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ സഹായിച്ചു. അതോടെ അയാള്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയും ചെയ്തതായി അമിത് ചൂണ്ടിക്കാട്ടി.
ആദ്യ റൗണ്ടില്‍ താനാണ് ആദ്യ പോയിന്റ് നേടിയത്. രണ്ടാം റൗണ്ടിലാകട്ടെ രണ്ടുതവണ അയാളെ മലര്ത്തിയടിക്കുന്നതിന്റെ തൊട്ടരികില്‍ വരെയെത്തി. ആദ്യറൗണ്ടില്‍ തങ്ങള്‍ 1-1ന് സമനില പാലിച്ചു. അടുത്ത റൗണ്ടില്‍ നിര്‍ണായക പോയിന്റ് നല്കി റഫറി അയാളെ സഹായിച്ചു. താന്‍ റഹിമിയെ ആക്രമിക്കാത്തതിന് റഫറി തനിക്ക് മുന്നറിയിപ്പ് നല്കി. എന്നാല്‍ ഒഫീഷ്യല്സാകട്ടെ തന്റെ നീക്കങ്ങള്‍ക്ക് മറുപടി നല്‍കാത്തതിന് ഇറാന് താരത്തിനാണ് മുന്നറിയിപ്പ് നല്‍കിയത്. രണ്ടാം റൗണ്ടിലെ മൂന്നാം മിനിട്ടില്‍ അതായത് അവസാന സമയം റഫറി അയാള്‍ക്ക് പോയിന്റ് നല്‍കിയത് തന്നെ ഏറെ ചകിതനാക്കി. മത്സരത്തിലുടനീളം ആക്രമണോത്സുകത പ്രകടിപ്പിച്ചത് താനായിരുന്നെന്ന് വളരെ വ്യക്തമായിരുന്നെന്നും അമിത് കൂട്ടിച്ചേര്‍ത്തു.
റഫറിയുടെ മുന്നറിയിപ്പുകള്‍ തന്റെ ആവേശത്തെ കെടുത്തിയെന്നും അതാണ് ഫൈനലില്‍ പിഴച്ചതെന്നും 2012 ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയായ അമിത് വ്യക്തമാക്കി. 24 അംഗ ഇന്ത്യന്‍ സംഘത്തിനോടൊപ്പമുണ്ടായിരുന്ന പരിശീലകന് വീരേന്ദ്രകുമാറും മത്സരത്തിനിടെ ഉണ്ടായ സംഭവങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ചു. അമിത് കുമാറാണ് ആവേശകരമായ പ്രകടനം കാഴ്ചവച്ചതെന്നും അദ്ദേഹമാണ് സ്വര്‍ണ മെഡലിന് യോഗ്യനെന്നും പരിശീലകന് പറഞ്ഞു.
വളരെ മികച്ച പോരാട്ടമായിരുന്നു ഫൈനലിലേത്. എന്നാല്‍ റഫറിയുടെ തീരുമാനങ്ങള്‍ നമ്മുടെ പ്രതീക്ഷകളെ തകിടം മറിച്ചു. റഹിമിക്ക് എതിരെ കഴിവുറ്റ പ്രകടനമാണ് അമിത് പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ റഫറി മോശപ്പെട്ട തീരുമാനം കൈക്കൊള്ളുകയായിരുന്നു. എന്നാലും രാജ്യത്തിന് അഭിമാനമായി മാറിയ അമിതിനക്കുറിച്ച് താന്‍ ഏറെ സന്തോഷിക്കുന്നതായും കുമാര്‍ പറഞ്ഞു.
ദല്‍ഹിയിലെ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ ബിഷാംബര്‍ സിംഗിനോട് കിടപിടിക്കുന്നതായിരുന്നു അമിതിന്റെ പ്രകടനം. ഫൈനലില്‍ എത്തും മുമ്പ് സെമിഫൈനലില്‍ അമിത് തുര്‍ക്കിയുടെ സീസര്‍ അക്ഗുലിനെ 8-0ത്തിന് പരാജയപ്പെടുത്തി. ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ഏജലോ അലെസ്മോ എസ്കോബെഡോയെ 6-0ത്തിനാണ് അമിത് തകര്‍ത്തത്. മൂന്നാം റൗണ്ടില്‍ ഫ്രാന്‍സിന്റെ സോഹെയര് എലോ അരക്ക്വെയെ 8-0ത്തിനും രണ്ടാം റൗണ്ടില്‍ ജപ്പാന്റെ യാസുഹിരോ ഇനാബയെ 10-2നുമാണ് പരാജയപ്പെടുത്തിയത്. ആദ്യ റൗണ്ട് അദ്ദേഹത്തിന് ബൈ ലഭിച്ചിരുന്നു.
ഓരോ മത്സരത്തിനും മുമ്പ് തന്നെ പ്രോത്സാഹിപ്പിച്ചതിന് സുശീലിനെയും ലണ്ടന്‍ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തിനും അമിത് നന്ദി പറഞ്ഞു. അവരുടെ നല്ല വാക്കുകള്‍ തന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ഓരോ മത്സരത്തിനും മുമ്പ് അവര്‍ തന്നെ പ്രോത്സാഹിപ്പിച്ചു. സെമിഫൈനലിന് മുമ്പ് അമ്മ ഷീലാ ദേവിയോടും താന്‍ അനുഗ്രഹം തേടിയിരുന്നു. അമ്മ തന്റെ പ്രകടനത്തില്‍ ഏറെ സന്തുഷ്ടയാണെന്നും ഹരിയാനയിലെ സോനിപട്ടിന് സമീപമുള്ള നഹ്രിയില്‍ നിന്നുമുള്ള ഗുസ്തിക്കാരന് പറഞ്ഞു.
അടുത്ത കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ മത്സരങ്ങളില്‍ സ്വര്‍ണ നേടുകയാണ് ലക്ഷ്യം. ഈ മത്സരത്തിലെ നേട്ടം തന്നെ അതിന് സഹായിക്കും. തനിക്ക് ജോലി നല്‍കിയതിനും സെക്യൂരിറ്റി ഇന്‍സ്പെക്ടറുടെ പോസ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്തതിനും അമിത് ഒഎന്‍ജിസിയോട് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: