വാഷിംഗ്ടണ്‍: യു.എസിലെ നാവിക കേന്ദ്രത്തിലുണ്ടായ വെടിവയ്പില്‍ 13 പേര് കൊല്ലപ്പെട്ടു. വാഷിംഗ്ടണിലെ നേവി ഓഫീസ് മന്ദിരത്തിലാണ് തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് ആക്രമണമുണ്ടായത്. നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥനായ ആരോണ്‍ അലക്സിയാണ് വെടിവെയ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.
പോലീസ് നടത്തിയ വെടിവെയ്പില്‍ ഇയാളും കൊല്ലപ്പെട്ടു. ആഫ്രിക്കന്‍ വംശജനായ ഇയാള്‍ ടെക്സസിലെ ഫോര്‍ത്ത് വര്‍ത്ത് സ്വദേശിയാണ്. 2007 മുതല്‍ 2011 മുതല്‍ ഏവിയേഷന്‍ ഇലക്ട്രീഷ്യന്‍സ് മേറ്റ് തേഡ് ക്ലാസ് ഓഫീസറായി നേവിയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് എഫ്ബിഐയും പെന്റഗണും അറിയിച്ചു. ആയുധം കൈവശം വച്ചതിന് മുന്‍പ് ടെക്സസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. മൂന്നു പേര് ആക്രമണത്തില്‍ പങ്കെടുത്തുവെന്നാണ് പ്രാഥമിക വിവരം.
ഇവരില്‍ ഒരാള്‍ ആഫ്രിക്കന്‍ വംശജനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ ഇന്ത്യന്‍ വംശജനും ഉള്‍പ്പെടുന്നു. ഇന്ത്യക്കാരനായ വിഷ്ണു പണ്ഡിറ്റാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും സൈനിക കോണ്‍ട്രാക്ടര്‍മാരാണ്. അമേരിക്കന്‍ നാവികസേനയ്ക്കുവേണ്ടി കപ്പലുകളും അന്തര്‍വാഹിനികളും വാങ്ങുകയും നിര്‍മിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്ന നേവല്‍ സീ സിസ്റ്റംസ് കമാന്‍ഡ് ആസ്ഥാനത്താണ് വെടിവയ്പുണ്ടായത്.
സുരക്ഷാ പരിശോധനകള്‍ മറികടന്ന് നാവിക കേന്ദ്രത്തിലെ കഫറ്റീരിയയിലെത്തിയ മൂന്നംഗസംഘം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിനു തീവ്രവാദ സ്വഭാവമില്ലെന്ന് സ്ഥിരീകരിച്ച പോലീസ് വെടിവയ്പിന് അക്രമിയെ പ്രേരിപ്പിച്ച കാരണവും വ്യക്തമാക്കിയിട്ടില്ല.
വെടിവയ്പ് നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ പോലീസ് വാഷിംഗ്ടണിലെ സുപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. അക്രമിസംഘത്തിലെ മറ്റു രണ്ടുപേരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി.
ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളുടെ സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്കി. വെടിയൊച്ച കേട്ടയുടന്‍ കുതിച്ചെത്തിയ സുരക്ഷാ സൈനികര്‍ നാവികസേനാ താവളം വളഞ്ഞു. കെട്ടിടത്തിലുണ്ടായിരുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ നാവികസേന നിര്‍ദ്ദേശം നല്കി. പരിക്കേറ്റവരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ച് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
വെടിവെയ്പില്‍ മരിച്ചവരോടുള്ള ആദരസൂചകമായി വൈറ്റ് ഹൗസിലും കാപ്പിറ്റോണ്‍ ഹില്ലിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ഒബാമ നിര്‍ദേശിച്ചു. വൈറ്റ്ഹൗസില്‍ നിന്ന് നാല് മൈലും കാപ്പിറ്റോണില് നിന്ന് കഷ്ടിച്ച് രണ്ട് മൈലും മാത്രം അകലെ നടന്ന വെടിവെയ്പ് അമേരിക്കന്‍ സുരക്ഷാ വിഭാഗത്തെ ഞെട്ടിച്ചു.
നാവികസേനയുടെ ഇന്റ്രാനെറ്റ് നെറ്റ് വര്‍ക്കിലെ കരാറുകാരന് കീഴിലാണ് അക്രമിയായ അലക്സി ജോലിചെയ്തിരുന്നത്. അതിനാല്‍ തന്നെ നാവികകേന്ദ്രത്തില് പ്രവേശിക്കാന്‍ ഇയാള്‍ക്ക് പാസുമുണ്ടായിരുന്നു. മുമ്പ് രണ്ട് തവണ വെടിയുതിര്‍ത്തതിന് ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. എന്‍ജിനിയര്‍മാര്‍ അടക്കം 3000 ത്തോളം പേരാണ് വാഷിങ്ടണിലെ നാവികസേനാ താവളത്തില്‍ ജോലിചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: