ടോക്യോ: ജപ്പാനിലെ അവസാന ആണവ റിയാക്ടറിന്റെ പ്രവര്‍ത്തനവും നിലച്ചു. ഇനി ആണവോര്‍ജ വിമുക്ത രാജ്യമായി ജപ്പാന് താമസിക്കാതെ അറിയപ്പെടും. ഞായറാഴ്ചയോടെ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന റിയാക്ടറിന്റെ പ്രവര്‍ത്തനം നിര്‍ത്താനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. 2011 മാര്‍ച്ചിലുണ്ടായ ദുരന്തത്തോടെ ഫുക്കുഷിമ ആണവ നിലയത്തിലുണ്ടായ കേടുപാടുകള്‍ തീര്‍ത്ത് കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ജപ്പാന് ഇതുവരെ സാധിച്ചിട്ടില്ലായെന്നതാണ് വസ്തുത.
ആണവ വികിരണം പുറത്തുവന്നതിനെ ത്തുടര്‍ന്നുള്ള ശാരീരിക പ്രശ്നം ജനങ്ങളെ ആണവ റിയാക്ടറുകള്‍ ഉപേക്ഷിക്കണമെന്ന തീരുമാനത്തിലെത്തിച്ചു. ജപ്പാന് ജനത ഇത് ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു. ജപ്പാന്റെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് ആണവോര്‍ജം ആവശ്യമാണെന്ന പ്രധാനമന്ത്രി ഷിന്‍സെ ആബെയുടെ പ്രസ്താവനയെ ജനങ്ങള്‍ ശക്തമായി എതിര്‍ത്തു. ഒടുവില്‍ ഭരണകൂടത്തിന് ആണവോര്‍ജം ഉപേക്ഷിക്കാനുള്ള തീരുമാനം കൈക്കൊള്ളേണ്ടി വന്നു.
2012 മെയ് മാസത്തോടെ ജപ്പാനില്‍ 50 തോളം ആണവ റിയാക്റ്ററുകള്‍ അടച്ചുപൂട്ടിയിരുന്നു. ജപ്പാന്റെ ആണവ നിലയത്തിന്റെ ചുമതലയുള്ള കന്‍സായ് ഇലക്ട്രിക് പവര്‍ പടിഞ്ഞാറന്‍ ജപ്പാനിലെ ഫുക്കിയയിലുള്ള നാലാം നമ്പര്‍ ആണവ റിയാക്ടര്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ചയോടെ റിയാക്ടര്‍ പൂര്‍ണമായി പ്രവര്‍ത്തനരഹിതമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന് ആണവവിമുക്ത രാജ്യമാകുന്നതോടെ ഇതിന്റെ ചുവടുപിടിച്ച് മറ്റു രാജ്യങ്ങളിലും ആണവോര്‍ജത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
നാലു പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ജപ്പാന് ആണവോര്ജ്ജമില്ലാതെ മുന്നോട്ട് പോകാന്‍ പോകുന്നത്. ജപ്പാനിലെ പടിഞ്ഞാറന്‍ മേഖല മിക്കവയും ആണവോര്‍ജ്ജത്തെ ആശ്രയിച്ചാണ് നിലനിന്നു പോകുന്നത്. വൈദ്യുതി കണ്ടെത്തുന്നതു പോലും ജപ്പാന് ആണവോര്‍ജ്ജം ഉപയോഗിച്ചായിരുന്നു.
ആണവോര്‍ജത്തിനു പകരം ഇനി എന്ത് എന്ന ചോദ്യമാണ് പലഭാഗത്തു നിന്നും ഉയരുക. ആണവോര്‍ജത്തിനു തക്കതായ ഊര്‍ജ സ്രോതസ് കണ്ടെത്തുകയെന്നതാണ് ജപ്പാന്റെ മുന്നിലുള്ള വെല്ലുവിളി. ആ പ്രതിസന്ധി താപോര്‍ജം കൊണ്ട് പരിഹരിക്കാമെന്ന വിശ്വാസത്തിലാണ് ജപ്പാന്. എന്നാല്‍ ഇത് എത്ര കണ്ട് ഫലപ്രദമാകുമെന്നത് പലരിലും ആശങ്ക ഉയര്‍ത്തുന്നു. ആണവോര്‍ജത്തില്‍ നിന്നും ലഭിക്കുന്നത്ര ഊര്‍ജം താപോര്‍ജം കൊണ്ട് എങ്ങനെ പരിഹരിക്കുമെന്നതു നോക്കിക്കാണേണ്ടതുണ്ട്. എതായാലും ഒന്ന് ഉറപ്പാണ് താപോര്‍ജ്ജത്തിന്റെ വിലയില്‍ കുതിച്ചുകയറ്റമുണ്ടാകുമെന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: