ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ലീഗില്‍ ചെല്‍സിയെ എവര്ട്ടണ് അട്ടിമറിച്ചു. പുതിയ കോച്ചിന്റെ കീഴില്‍ കിരീടം തേടിയിറങ്ങിയ നീലപ്പടയ്ക്ക് എവര്‍ട്ടണില്‍ നിന്നേറ്റ പരാജയം കനത്ത തിരിച്ചടിയായി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ സ്റ്റീവന്‍ നയി സ്മിത്തിന്റെ തകര്‍പ്പന്‍ ഹെഡറാണ് ചെല്‍സിയെ പരാജയത്തില്‍ മുക്കിയത്.
ലീഗിലെ എവര്‍ട്ടണിന്റെ നാലാം മത്സരമായിരുന്നു ഇത്. ആദ്യ മൂന്ന് മത്സരവും സമനിലയില്‍ കുരുങ്ങിയപ്പോള്‍ ചെല്‍സിക്കെതിരെ അവര്‍ വിജയത്തിലേക്ക് മാര്‍ച്ച് ചെയ്തു. സ്റ്റീവന്‍ നയിസ്മിത്തിന്റെ ജന്മദിനത്തിലായിരുന്നു ചെല്‍സിയെ പരാജയപ്പെടുത്തിയ ഗോള്‍ നേടിയതെന്ന പ്രാധാന്യവും മത്സരത്തിനുണ്ടായിരുന്നു. എവര്ട്ടണ് ടീമിനെ മാനേജര്‍ റോബര്‍ട്ടോ മാര്‍ട്ടിനെസിനും ഈ വിജയം ഏറെ തിളക്കം നല്കി.
മത്സരത്തിലുടനീളം നിരവധി അവസരങ്ങളാണ് ചെല്‍സി നഷ്ടപ്പെടുത്തിയത്. ആദ്യ പകുതിയില്‍ സാമുവല്‍ ഏറ്റു ഏറ്റവും മികച്ച അവസരങ്ങളിലൊന്ന് പാഴാക്കി. അനായാസം നേടാവുന്ന ഗോളവസരങ്ങള്‍ ചെല്‍സി പാഴാക്കിയതായി മത്സരശേഷം മാനേജര്‍ ജോസെ മൊറിഞ്ഞോയും അഭിപ്രായപ്പെട്ടു. എവര്ട്ടണ് മികച്ച പ്രതിരോധംകൂടി പുറത്തെടുത്തതോടെ കളി മാറുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ സണ്ടര്‍ലാന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ആഴ്സണല്‍ പരാജയപ്പെടുത്തി. ആരോണ്‍ റാംസിയുടെ ഇരട്ടഗോള്‍ നേട്ടമായിരുന്നു ആഴ്സണലിന്റെ മത്സരത്തിന്റെ പ്രത്യേകത.
കളിയുടെ 11-ാം മിനിറ്റില്‍ ഒലിവര്‍ ഗിറോഡ് ആഴ്സണലിനെ മുന്നിലെത്തിച്ചു. 48-ാം മിനിറ്റില്‍ ക്രെയ്ഗ് ഗാര്‍ഡ്നറാണ് സണ്ടര്‍ലാന്റിന് സമനില ഗോള്‍ സമ്മാനിച്ചത്. ഒരു പെനാലിറ്റി ഗോളാക്കി മാറ്റുകയായിരുന്നു. എന്നാല്‍ 67, 76 മിനിറ്റുകളില്‍ ആരോണ്‍ റാംസി നേടിയ ഗോളുകള്‍ ആഴ്സണലിന്റെ വിജയം ഉൗട്ടിഉറപ്പിച്ചു. ലീഗില്‍ ആദ്യ സ്ഥാനത്താണ് ആഴ്സണല്‍.
ആസ്റ്റണ്‍ വില്ലയെ തകര്‍ത്തുകൊണ്ട് ന്യൂകാസിലും ലീഗില്‍ വിജയം കണ്ടെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ന്യൂകാസിലിന്റെ വിജയം. 18-ാം മിനിറ്റില്‍ ഫ്രഞ്ച് മിഡ്ഫീല്‍ഡറായ ഹാതെം ബെന്‍ അര്ഫയാണ് ന്യൂകാസിലിനെ മുന്നിലെത്തിച്ചത്. ആദ്യപകുതിയില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ന്യൂകാസില്‍ മുന്നിട്ടുനിന്നു. 67-ാം മിനിറ്റിലാണ് വില്ല സമനിലഗോള്‍ കണ്ടെത്തിയത്. ക്രിസ്റ്റ്യന്‍ ബെന്റക് ആണ് വില്ലയുടെ സമനില ഗോള്‍ നേടിയത്. 73-ാം മിനിറ്റില്‍ യോണ് ഗൗഫാന് ന്യൂകാസിലിന്റെ വിജയമുറപ്പിച്ച് ലക്ഷ്യംകണ്ടു.
മറ്റൊരു മത്സരത്തില്‍ ടോട്ടന്‍ഹാം മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നോര്‍വിച്ചിനെ പരാജയപ്പെടുത്തി. സ്റ്റോക്ക്സിറ്റി-മാഞ്ചസ്റ്റര്‍ സിറ്റി മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഹള്‍-കാര്‍ഡിഫ് മത്സരം ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. നേരത്തെ യുണൈറ്റഡ് ക്രിസ്റ്റര്‍ പാലസിനെ പരാജയപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: