ബദിയടുക്ക: കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന ആനുകൂല്യങ്ങള്‍ യഥാവിധി ലഭിക്കുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനും വേണ്ടി തദ്ദേശിയരായ കൃഷി പ്രമോട്ടര്‍മാരെ നിയമിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരം കാണുന്നതിനും ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ ബദിയടുക്കയില്‍ സംഘടിപ്പിച്ച കര്‍ഷക സംഗമത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കാര്‍ഷിക മേഖലയില്‍ തൊഴിലാളികളെ നല്കാന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുക, തൊഴിലുറപ്പ് പദ്ധതിയില്‍ കാര്‍ഷിക മേഖലയേയും ഉള്‍പ്പെടുത്തുക, അടയ്ക്കയുടെ ഉല്പാദന മേഖലയിലുണ്ടായ കൃഷിനാശം കണക്കിലെടുത്ത് കമുക് ഒന്നിന് 1000 രൂപയും രോഗവും കാലവര്‍ഷക്കെടുതികള്‍ മൂലം നാശമുണ്ടായ കവുങ്ങിന് 5000 രൂപയും തെങ്ങിന് 20000 രൂപയും നഷ്ടപരിഹാരം അനുവദിക്കുക, കാര്‍ഷിക വായ്പ നല്‍കുന്നതിന് കര്‍ഷകരില്‍ നിന്നും ഏക്കറിന് ഇന്‍ഷുറന്‍സ് പ്രീമിയമായി 1080 രൂപ ഈടാക്കുന്നുണ്ട്. ഒരുലക്ഷം രൂപ ലഭിക്കണമെങ്കില്‍ മൂന്ന് ഏക്കര്‍ കൃഷി ഭൂമി വേണമെന്ന നിബന്ധനയുമാണുള്ളത്. ഇത് കര്‍ഷകര്‍ക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കിയിട്ടുള്ളത്. അതിനാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ നേരിട്ട് അടക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ബിജെപി സംസ്ഥാന സമിതി അംഗം എം.സഞ്ജീവഷെട്ടി കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളില്‍ ഇടപ്പെടാന്‍ എംഎല്‍എമാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് മുന്നില്‍ എംഎല്‍എമാര്‍ മൗനം പാലിക്കുകയാണ്. ജില്ലയിലെ കാര്‍ഷിക മേഖലയെ സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ എം.സഞ്ജീവഷെട്ടി കുറ്റപ്പെടുത്തി. കര്‍ഷകനെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാനും നേടിയെടുക്കാനും ബിജെപി ശക്തമായ പ്രചരണ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും. ഇതുസംബന്ധിച്ച സജീവമായ ചര്‍ച്ച യോഗത്തില്‍ ഉയര്‍ന്നുവന്നു. നിരവധി കര്‍ഷക സംഘടനാ നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ജില്ലയിലെ കര്‍ഷകരുടെ പ്രശ്നങ്ങളെക്കുറിച്ചും പരിഹാരത്തെക്കുറിച്ചും ജില്ലാ വൈസ് പ്രസിഡണ്ട് ഐത്തപ്പ ഷെട്ടി വിഷയാവതരണം നടത്തി. സംസ്ഥാന സമിതി അംഗം പി.രമേഷ്, ജില്ലാ വൈസ് പ്രസിഡണ്ട് മാലതി.ജെ.കെ, ജില്ലാ സെക്രട്ടറി എസ്.കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശിവകൃഷ്ണഭട്ട് സ്വാഗതവും ബാലകൃഷ്ണഷെട്ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: