പുനലൂര്‍: മധ്യ തിരുവിതാംകൂറില്‍ നടന്നുവന്നിരുന്ന കാക്കാരശ്ശി നാടകം ഇന്ന് പ്രൊഫഷണല്‍ ഗ്രൂപ്പുകള്‍ കേരളത്തില്‍ എമ്പാടും അവതരിപ്പിച്ചുവരുന്നു. മുന്‍പ് ഒരു സാമൂഹിക വിനോദകല എന്ന നിലയില്‍ ഓണക്കാലത്തും ക്ഷേത്ര ഉത്സവകാലത്തും അവതരിപ്പിച്ചുവന്ന കാക്കാരശ്ശിനൃത്തം ഏതുസമയത്തും അവതരിപ്പിക്കാവുന്നതരത്തില്‍ നാടകീയതയ്ക്ക് ഏറെ പ്രാധാന്യം നല്കി രംഗത്ത് എത്തിക്കഴിഞ്ഞു.
രംഗത്ത് നാലുപേര്‍ മാത്രം മതിയായിരുന്ന സ്ഥാനത്ത് ഇന്ന് പന്ത്രണ്ടും അതില്‍പുറത്തും ആളുകള്‍ എത്തുന്നു. കാണികളെ ചിരിപ്പിക്കാന്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നു. കാക്കാന്മാര് കത്തുന്ന പന്തവുമായി സദസ്യരുടെ ഇടയിലൂടെ അരങ്ങില്‍ പ്രവേശിക്കുന്നു. അരങ്ങില്‍ കാക്കാന്റെ പിന്നില്‍ വരുന്ന തമ്പ്രാനുമായുള്ള ചോദ്യോത്തരങ്ങളിലൂടെയാണ് കഥയുടെ ആരംഭം. എന്നാല്‍ ചില സ്ഥലങ്ങളില്‍ സൂത്രധാരന്‍ രംഗപ്രവേശം ചെയ്ത് കഥാസന്ദര്‍ഭം വിശദമാക്കി കഥ ആരംഭിക്കാറുണ്ട്. നൃത്തം, അഭിനയം, സംഗീതം എന്നിവയുടെ സമന്വയഭാവങ്ങള്‍ മിന്നിമറയുന്ന കാക്കാരശ്ശിനാടകം ഇന്ന് പ്രേക്ഷകരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി രംഗത്ത് ഏറെ വിഷ്വല്‍ ഇഫക്ടുകളും നിറച്ച് ഒരു ഡ്രാമാ സ്കോപ്പ് ഡാന്‍സ് ബുക്ക് ചെയ്യുന്നതിനും ഏറെ തുക നല്‍കേണ്ടതരത്തില്‍ എത്തിച്ചിട്ടുണ്ട്.
കാക്കാരശ്ശി നാടകങ്ങള്‍ ഇന്ന് ഏറെയും പ്രൊഫഷണലായി കൊണ്ടുനടക്കുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കലാകാരന്മാര് മാത്രമാണ്. മുന്‍പ് നാട്ടുപ്രമാണിമാരെയും ജന്മിത്വത്തിനെതിരേയും ശക്തമായി പ്രതികരിച്ചിരുന്ന ഈ കലാരൂപം ഇന്ന് സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ പുരാണകലകളില്‍ ഉള്‍ക്കൊള്ളിച്ച് കാണികളെ കൈയ്യിലെടുക്കുന്നു. ഇതിലെ കഥാപാത്രങ്ങള്‍ ഏറെയും പ്രാകൃതരീതിയിലുള്ള വസ്ത്രധാരണമാണ് നടത്തുക. ഇലത്താളം, ഗഞ്ചിറ, മൃദംഗം, കൈമണി എന്നിവ മാത്രമാണ് മുന്‍പ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് കൂടുതലും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് റിക്കാര്‍ഡിംഗ് നടത്തിയാണ് കാക്കാരശ്ശി നടകം രംഗത്ത് എത്തുന്നത്. കഥാസന്ദര്‍ഭമനുസരിച്ച് കാക്കാന്മാര്ക്ക് പുരാണ കഥാഖ്യാനം നടത്തി കാണികളുമായി സംവാദിക്കാനായി മൈക്ക് ഉപയോഗിക്കാറുണ്ട്.
സുന്ദരിയാം സീത തന്റെ വാര്‍ത്തയല്‍പം ചൊല്ലാം
രാമദേവന് കാനനത്തില്‍ പോകുമെന്ന് ചൊല്ലി
കാനനത്തില്‍ പോകുമെങ്കില്‍ ഞാനുംകൂടിപ്പോരും
കാനനത്തില്‍ ചെന്നു പര്‍ണ്ണശാലയും കെട്ടി…
ഇങ്ങനെ സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം തുടങ്ങിയവ നല്ലപോലെ ഒത്തിണങ്ങിയ ഈ കല പണ്ടുമുതലേയുള്ള ഈ കലാകാരന്മാരുടെ രംഗബോധത്തിനും അഭിനയ പാടവത്തിനും ഉത്തമ ഉദാഹരണമാണ്.
ശൈവസമ്പ്രദായത്തെ ആരാധിക്കുന്ന ഒരു സമൂഹത്തിന്റെ കലാരൂപമെന്ന നിലയിലാണ് കാക്കാരശ്ശിനാടകം പ്രചുരപ്രചാരം നേടിയത്. കാക്കാലനും കാക്കാത്തിയും ശിവന്റെയും പാര്‍വതീദേവിയുടെയും പ്രതിരൂപങ്ങളായാണ് അരങ്ങ് നിറയുന്നത്. ആദ്യകാലങ്ങളില്‍ ചിട്ടവട്ടങ്ങളോടുകൂടിയ അരങ്ങ് ആവശ്യമുണ്ടായിരുന്നില്ല. വീട്ടുമുറ്റങ്ങളും തുറന്ന മൈതാനങ്ങളും ഇതിന് വേദിയാകുമായിരുന്നു. പിന്നീടാണ് ഇത് ക്ഷേത്രകലകളില്‍ ഇടം പിടിച്ചത്.
കരവാളൂര്‍ ബി. പ്രമോദ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: