പുനലൂര്‍: ഗുരുവായൂര്‍ വഴി മധുര മീനാക്ഷിക്കോവിലിലേക്ക് ഒരു തീര്‍ത്ഥാടന ട്രെയിന്‍ പാക്കേജിന് മുന്തിയ പരിഗണന നല്‍കുമെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്. പുനലൂര്‍ റയില്‍വേസ്റ്റേഷനില്‍ പുനലൂര്‍ – ഗുരുവായൂര്‍ പാസഞ്ചറിന് പച്ചക്കൊടി വീശി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനലൂര്‍ മുതല്‍ ചെങ്കോട്ട വരെയുള്ള ഗേജ്മാറ്റത്തിന് വേഗത വര്‍ധിപ്പിക്കും. ഗേജ് മാറ്റത്തിന് കൂടുതല്‍ തുക ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലം മുതല്‍ പുനലൂര്‍ വരെ ഡെമു സര്‍വീസ് ആരംഭിക്കാമെന്ന് റയില്‍വേ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഓരോ അര മണിക്കൂര്‍ ഇടവിട്ടും ഡെമു സര്‍വീസ് ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ബ്രോഡ്ഗേജ് പാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കഴിയുന്നതോടെ പുനലൂര്‍ – ഗുരുവായൂര്‍ സര്‍വീസ് മധുര വരെ നീട്ടുമെന്നും അദ്ദേഹം അറിയിച്ചു. റിസര്‍വേഡ് കമ്പാര്‍ട്ട്മെന്റും തേഡ് എസി കമ്പാര്‍ട്ട്മെന്റും ട്രെയിനിന് ഉണ്ടാകും. പുനലൂരില്‍ കോച്ച് ടെര്‍മിനല്‍ ആരംഭിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ പുനലൂര്‍ റയില്വേസ്റ്റേഷനിലെത്തിയ ട്രെയിന്‍ പൗരാവലിയും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്ന സ്വീകരണം നല്കി. റയില്‍വേ മധുര ഡിവിഷണല്‍ മാനേജര്‍ എ.കെ. രസ്തോഗിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എന്‍. പീതാംബരക്കുറുപ്പ് എംപി, കെ.എന്‍. ബാലഗോപാല്‍ എംപി, തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍, അഡ്വ. കെ. രാജു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനന്, പ്രതാപവര്‍മ്മതമ്പാന്‍, പുനലൂര്‍ മധു, ഭാരതീപുരം ശശി, അഡ്വ. സഞ്ജയ്ഖാന്‍, പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഗ്രേസി ജോണ്‍, എസ്. ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: