ന്യൂദല്‍ഹി: അവസാനം തങ്ങളുടെ മകള്‍ക്ക് നീതി ലഭിച്ചെന്ന് ദല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച സാകേത് കോടതി വളപ്പില്‍ വച്ചാണ് വെള്ളിയാഴ്ച അവര്‍ തങ്ങളുടെ സന്തോഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രകടിപ്പിച്ചത്. കേസിലെ പ്രതികളായ മുകേഷ് (26), അക്ഷയ് ഠാക്കൂര്‍ (28), പവന് ഗുപ്ത (19), വിനയ് ശര്‍മ (20) എന്നിവര്‍ക്കാണ് സാകേത് ഫാസ്റ്റ് ട്രാക്ക് കോടതി വധശിക്ഷ വിധിച്ചത്.
വിധിയില്‍ സന്തോഷിക്കുന്നതായി കുട്ടിയുടെ അച്ഛനമ്മമാര്‍ പറഞ്ഞു. തങ്ങളുടെ മകള്‍ക്ക് അവസാനം നീതി ലഭിച്ചിരിക്കുന്നു. നിയമ പോരാട്ടത്തില്‍ അവസാനം വരെ പിന്തുണയുമായി കൂടെ നിന്ന് എല്ലാവരോടും നന്ദിയുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനോടൊപ്പം കോടതി വളപ്പില്‍ വച്ച് അമ്മ പറഞ്ഞു.
2011 ഡിസംബര്‍ 16നാണ് ദല്‍ഹിയില്‍ ഓടുന്ന ബസിനുള്ളില്‍ വച്ച് ആറുപേര്‍ ചേര്‍ന്ന് 23 കാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി പിന്നീട് സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ മാത്രമല്ല രാജ്യമെമ്പാടും വമ്പിച്ച ജനരോഷം ഉയര്‍ന്നതിനാല്‍ ബലാത്സംഗത്തിനെതിരെയുള്ള നിയമം കേന്ദ്രസര്‍ക്കാരിന് അഴിച്ചു പണിഞ്ഞ് കൂടുതല്‍ കര്‍ക്കശമാക്കേണ്ടി വന്നു.
പെണ്‍കുട്ടിയുടെ പിതാവും താന്‍ വിധിയില്‍ സംതൃപ്തനാണെന്ന് വ്യക്തമാക്കി. തങ്ങളോടൊപ്പം അവസാനം വരെ നിലകൊണ്ട എല്ലാവരോടും നന്ദിയുണ്ട്. സാകേതിലെ ഫാസ്റ്റ് ട്രാക്ക് കോടതി വിധി വന്ന് ഏതാനും മിനിട്ടുകള്‍ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു. കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആവശ്യം. കോടതി വിധി പറയുന്നതുവരെ ഇരുവരും കോടതി മുറിക്കുള്ളിലുണ്ടായിരുന്നു.
തങ്ങളുടെ മകള്‍ക്ക് നീതി ലഭ്യമായെങ്കിലും ഈ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് കുട്ടിയെ അമ്മ വ്യക്തമാക്കി. പോരാട്ടം ഇവിടെ അവസാനിപ്പിക്കില്ല. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഇരകളോടൊപ്പം പോരാടാന്‍ എല്ലായ്പ്പോഴും തങ്ങളുണ്ടാകുമെന്ന് ആ അമ്മ പറഞ്ഞു.
പ്രതികളിലൊരാളായ രാം സിംഗ് മാര്‍ച്ച് 12ന് തിഹാര്‍ ജയിലിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതി പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി ആയതിനാല്‍ ജുവൈനല്‍ കോടതി പത്ത് ദിവസം മുമ്പ് മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: