എതിര്‍പ്പുകള്‍ എത്ര കടുത്തതായാലും അതിജീവിക്കാനുള്ള കരുത്ത് അതാണ് നരേന്ദ്രമോദിയുടെ വ്യക്തിത്വത്തെ വേറിട്ടതാക്കുന്നത്. ലോകം തങ്ങളുടെ കാല്‍ക്കീഴിലാണെന്ന് അഹങ്കരിക്കുന്ന പാശ്ചാത്യസാമ്രാജ്യത്വം പത്തു വര്‍ഷമാണ് മോദിയെ അകറ്റി നിര്‍ത്തിയത്. ഒടുവില്‍ അവര്‍ക്ക് നാണംകെട്ട് കീഴടങ്ങേണ്ടി വന്നു. ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ജയിംസ് ബേവന് മോദിയുടെ ഓഫീസില്‍ നേരിട്ടെത്തി യൂറോപ്യന്‍ യൂണിയന്റെ കീഴടങ്ങല്‍ സമ്മതിച്ചു.
പുതിയ സാമ്പത്തിക സഹകരണത്തിനുള്ള ചര്‍ച്ചകള്‍ക്കും യൂറോപ്പ് തയ്യാറായി. മോദിയെ തിരിച്ചറിഞ്ഞ അമേരിക്കയും ഒടുവില്‍ യൂറോപ്പിന്റെ വഴിയിലാണ്.
ടെക്നോക്രാറ്റ് സമ്പദ് വ്യവസ്ഥയുടെ യുഗത്തില്‍ രാജ്യത്തെ നയിക്കാന്‍ കെല്‍പ്പുള്ള നേതൃത്വം. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍ ബിജെപി നേതൃത്വം വ്യക്തമാക്കുന്നത് ഇതാണ്.നയതന്ത്രങ്ങള്‍ കൊണ്ടും പ്രസംഗങ്ങള്‍ കൊണ്ടും രാജ്യഭരണം നിര്‍വ്വഹിക്കാനാവുന്ന കാലം കഴിഞ്ഞു. ഇവിടെ ധീരമായ നിലപാടുകളും പ്രവര്‍ത്തന ശൈലിയുമുള്ള ഭരണതന്ത്രജ്ഞതയാണ് ആവശ്യം. ഇതു രണ്ടും തനിക്ക് ആവോളമുണ്ടെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞ നേതാവാണ് നരേന്ദ്ര മോദി.
ടെക്നോ വികസനത്തിന്റെ കാലത്ത് ഗുജറാത്തിനെ ലോകത്തിനു മാതൃകയായി വളര്‍ത്തിയെടുത്തത് മോദിയുടെ ഭരണ നിപുണതയാണ്. ഗുജറാത്തിലെ ഭരണ നേട്ടങ്ങള്‍ സമകാലീന ഇന്ത്യയിലെ അതുല്യനായ ഭരണതന്ത്രജ്ഞനാണ് നരേന്ദ്ര മോദിയെന്ന് വ്യക്തമാക്കുന്നു. മോദി ഭരണ കാലത്തെ ഗുജറാത്തിന്റെ വളര്‍ച്ച തന്നെയാകും അടുത്ത ലോക്സഭ തെരഞ്ഞടുപ്പില്‍ ബിജെപിയുടെ തുറുപ്പ് ചീട്ട്. അതോടൊപ്പം ഭരണാധികാരി എന്ന നിലയില്‍ ദയനീയമായി പരാജയപ്പെട്ട മന്മോഹന് സിംഗിന്റെ ഭരണത്തില്‍ ഇന്ത്യക്കു സംഭവിച്ച സാമ്പത്തിക വീഴ്ചയും.
സാധാരണക്കാര്‍ മുതല്‍ കോര്‍പ്പറേറ്റ് ലോകം വരെ മോദിയുടെ വരവിനെ പ്രതീക്ഷയോടെയാണ് കാണുന്നത്.രാജ്യം നേരിടുന്ന ഗുരുതരമായ സാമ്പത്തിക- സുരക്ഷാ വെല്ലുവിളികളെ അതിജീവിക്കാന്‍ മോദിയെപ്പോലൊരു ഭരണാധികാരിക്ക് മാത്രമേ കഴിയൂവെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. രാജ്യത്തിന്റെ ഈ പൊതുവികാരം മനസിലാക്കിയാകണം മോദിയെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതും.
മോദിയുടെ പൊതുപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം ആര് എസ് എസ് പ്രവര്‍ത്തനത്തിലൂടെയാണ്.1967 ലെ വെള്ളപ്പൊക്ക ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തുകൊണ്ടാണ് നരേന്ദ്രമോദി സാമൂഹ്യ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
1987 ല്‍ ബിജെപിയില്‍ അംഗമായ അദ്ദേഹം 1995 ല്‍ ഗുജറാത്തില്‍ പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുന്നതില്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചു.തുടര്‍ന്ന് ഗുജറാത്ത് സംസ്ഥാന ഘടകത്തിന്റെ ജനറല്‍ സെക്രട്ടറിയായി.ഗുജറാത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ മോദി വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു.1995 ലാണ് പാര്‍ട്ടി സെക്രട്ടറിയായി ദേശീയ തലത്തില്‍ മോദിയുടെ അരങ്ങേറ്റം.98 ല്‍ സംഘടനാചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറിയായി.
2001 ല്‍ ഗുജറാത്തിലുണ്ടായ വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് 20000ലേറെപ്പേര്‍ കൊല്ലപ്പെടുകയും വന്‍ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തതോടെ മുഖ്യമന്ത്രി കേശുഭായി പട്ടേല്‍ രാജിവക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം മോദി മുഖ്യമന്ത്രിയായി ചുമതലയേറ്റു.ഭൂകമ്പത്തില്‍ തകര്‍ന്ന ഗുജറാത്തിനെ ഇന്ത്യയിലെ മാതൃകാ സംസ്ഥാനമാക്കി വളര്‍ത്തിയെടുത്ത് അദ്ദേഹം തന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.
2002 ഫെബ്രുവരിയില്‍ ഗോധ്ര സംഭവത്തെ തുടര്‍ന്നുണ്ടായ കലാപം മോദിക്കെതിരായ ആയുധമായി ഉപയോഗിക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ശ്രമം തുടുരുമ്പോഴും ഗുജറാത്ത് ജനത തുടര്‍ച്ചയായി മൂന്നാം വട്ടവും വന്‍ ഭൂരിപക്ഷത്തോടെ അദ്ദേഹത്തെ ഭരണമേല്‍പ്പിച്ചത് കുപ്രചാരണങ്ങള്‍ക്കേറ്റ തിരിച്ചടിയായി. ഭൂകമ്പത്തെയും കലാപത്തെയും അതിജീവിച്ച ഗുജറാത്തും നരേന്ദ്രമോദിയും ഇപ്പോള്‍ ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷയാവുകയാണ്.എല്ലാ എതിര്‍പ്പുകളേയും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അതിജീവിച്ച് മോദി വിജയം തന്റെതാക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: