കാസര്‍കോട്: ഹൊസ്ദുര്‍ഗ്ഗ് ഗവ.ഹയര്‍സെക്കണ്റ്ററി സ്കൂളിലെ കന്നഡ അധ്യാപക നിയമനം മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ പ്രതിക്കൂട്ടിലാകുന്നത് പിഎസ്സി. മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശ പ്രകാരം വകുപ്പുതല അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിയമനം അനധികൃതമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് എച്ച്എസ്എ സോഷ്യല്‍ സ്റ്റഡീസ് (കന്നഡ) വിഭാഗത്തില്‍ നാല് അനധികൃത നിയമനങ്ങള്‍ക്കാണ് പിഎസ്സി ഒത്താശ ചെയ്തത്. ബന്ധപ്പെട്ട വിഷയത്തിലുള്ള ഡിഗ്രിയും ബിഎഡ്ഡും കൂടാതെ കന്നഡ ഭാഷാ പരിജ്ഞാനവുമാണ് യോഗ്യത. എന്നാല്‍ പിഎസ്സി ഇണ്റ്റര്‍വ്യു നടത്തി നിയമനം നല്കിയ നാല് പേരും കന്നഡ ഭാഷയില്‍ പഠിപ്പിക്കാന്‍ കഴിവില്ലാത്തവരായിരുന്നു. ഇണ്റ്റര്‍വ്യു സമയത്ത് ഭാഷാ പരിജ്ഞാനം പരിശോധിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് അധികാര കേന്ദ്രങ്ങളുമായി ബന്ധമുള്ളവരെ തിരുകി കയറ്റുകയാണ് ചെയ്തതെന്ന നേരത്തെയുള്ള ആരോപണത്തെ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ബലപ്പെടുത്തുകയും ചെയ്യുന്നു. പിഎസ്സിയുടെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുകയാണിത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിനി സുജയുടെ നിയമനവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നാല് പേരടങ്ങുന്ന ഇണ്റ്റര്‍വ്യു ബോര്‍ഡില്‍ രണ്ട് പിഎസ്സി അംഗങ്ങളും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രതിനിധിയും ഒരു കന്നഡ ഭാഷാ വിദഗ്ധനും ഉള്‍പ്പെടും. ഭാഷാ പരിജ്ഞാനം അളക്കുന്നതിനായി പിഎസ്സി നിര്‍ദ്ദേശിക്കുന്ന ആളെയാണ് വിദഗ്ധനായി ഉള്‍പ്പെടുത്തുന്നത്. കാസര്‍കോട്ടെ ഒരു കോളേജിലെ കന്നഡ ഭാഷാ അധ്യാപകനെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഭാഷയറിയാത്ത നാല് പേരെയാണ് യോഗ്യരായി കണ്ടെത്തി നിയമനം നല്‍കിയത്. എഴുതാനും വായിക്കാനും പരിമിതമായ അറിവ് മാത്രമേ ഉള്ളുവെന്നും കുട്ടികളെ പഠിപ്പിക്കാനുള്ള കഴിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വെച്ച് നടന്ന അന്വേഷണത്തില്‍ ജോ.സെക്രട്ടറി എസ്.സത്യകുമാര്‍, സെക്ഷന്‍ ഓഫീസര്‍ വിജയകുമാര്‍, അസിസ്റ്റണ്റ്റ് സെക്ഷന്‍ ഓഫീസര്‍ ബിജുകുമാര്‍, ജില്ലാ മുന്‍ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീകൃഷ്ണ അഗ്ഗിത്തായ, ജില്ലാ ലോ ഓഫീസര്‍ സീതാറാം, അധ്യാപിക സുജ എന്നിവരാണ് പങ്കെടുത്തത്. ഇണ്റ്റര്‍വ്യു ബോര്‍ഡ് വീഴ്ചവരുത്തിയെന്നും നിയമനം അനധികൃതമെന്നും വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ എന്നാല്‍ കുറ്റക്കാരെ ന്യായീകരിക്കുന്ന ശുപാര്‍ശകളാണ് നല്‍കിയിട്ടുള്ളത്. അനധികൃതമായി നിയമനം നേടിയവരെ പിരിച്ചുവിടണമെന്നോ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിക്കോ ശുപാര്‍ശയില്ല. പകരം ബിആര്‍സിയിലേക്ക് ഡെപ്യൂട്ടേഷനില്‍ അയച്ച് ഭാഷാ പരിജ്ഞാനം നേടി തിരികെ നിയമിക്കണമെന്ന ശുപാര്‍ശയാണ് റിപ്പോര്‍ട്ടിലുള്ളത്. നേരത്തേ മറ്റ് മൂന്ന് പേരെ ഇത്തരത്തില്‍ ബിആര്‍സിയിലേക്ക് അയച്ചിരുന്നു. സുജയെയും ഇതുപോലെ മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളിലുള്ള ഏതെങ്കിലും ബിആര്‍സിയിലേക്ക് ഒരുവര്‍ഷത്തേക്ക് അയക്കമെന്നാണ് ശുപാര്‍ശ. അനധികൃതമായി നിയമനം നേടിയവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് ഇതിനുപിന്നില്‍. നാല് അനധികൃത നിയമനങ്ങള്‍ക്കാണ് പിഎസ്സിക്കുപുറമെ വിദ്യാഭ്യാസ വകുപ്പും ഒത്താശ ചെയ്യുന്നത്. യോഗ്യതയുള്ളവര്‍ പുറത്തുനില്‍ക്കുമ്പോഴാണ് സ്വന്തക്കാര്‍ക്കും രാഷ്ട്രീയ യജമാനന്മാര്ക്കും വേണ്ടിയുള്ള നാണം കെട്ട നടപടി ഉണ്ടായിരിക്കുന്നത്. ഭാഷയറിയാത്ത അധ്യാപികയ്ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിണ്റ്റെ പാതയിലാണ്. ഒന്നരവര്‍ഷത്തോളമായി കന്നഡ വിഭാഗത്തില്‍ പഠനം അവതാളത്തിലാണ്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ഭയന്ന് നിര്‍ബന്ധിത ലീവിലാണ് അധ്യാപിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: