മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ ജില്ലയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട് അഞ്ച് ദിവസത്തിന് ശേഷവും സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പതിനായിരം പേരെ കലാപബാധിത പ്രദേശങ്ങളില്‍ നിന്നും കാണാതായിട്ടുണ്ട്. മറ്റൊരു പതിനായിരം പേര് പോലീസ് കസ്റ്റഡിയിലുമാണ്. ഇതുവരെ 40 പേര് മരിച്ചതായാണ് വിവരമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനിടെ ബുധനാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട അഞ്ചുവരെ കര്‍ഫ്യുവില്‍ ഇളവ് നല്കി.
വര്‍ഗീയ ലഹള വ്യാപിച്ചതോടെ ദരിദ്രരായ പതിനായിരത്തോളം ഗ്രാമീണരാണ് ഇവിടെ നിന്നും പലായനം ചെയ്തിരിക്കുന്നത്. ഇതില്‍ കുറേപ്പേര് സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ ക്യാമ്പിലെത്തിയിട്ടുണ്ടെന്ന് യുപി ആഭ്യന്തര സെക്രട്ടറി കമല്‍ സക്സേന പറഞ്ഞു. പരുക്കേറ്റ 93 പേരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് സര്‍ക്കാര്‍ ഓദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കാണാതായവര്‍ക്കു വേണ്ടി മീററ്റിലെ ഐജി സോണല്‍ ഓഫീസില്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇവിടുത്തെ സഹായ നമ്പര്‍ 9454402574 ആണ്. ഇവിടെ ജനങ്ങള്‍ക്ക് പരാതി രജിസ്റ്റര്‍ ചെയ്യാം.
സ്ഥിതിഗതികള്‍ ശാന്തമാകുന്നുണ്ടെങ്കിലും മുസാഫര്‍നഗറിലെ വര്‍ഗീയസംഘര്‍ഷം പരിപൂര്‍ണമായി കെടുത്താനായിട്ടില്ല. ആരാധനാസ്ഥലത്ത് നിന്നും എ കെ 47 ന്റെ 41 തിരകളുമായി ഒരാള്‍ പിടിയിലായിട്ടുണ്ടെന്ന് എഡിജി അരുണ്‍ കുമാര്‍ വ്യക്തമാക്കി. സൈന്യത്തിന്റെ സാന്നിധ്യം പോലും അവഗണിച്ചാണ് ഭഗപതില്‍ ലഹളക്കാര്‍ സംഘടിച്ചത്. ഇവിടെയാണ് കല്ലേറുണ്ടായതെന്നും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഐജി ആശിഷ് ഗുപ്ത പറഞ്ഞു. ഉന്നാവോ, ബുലാന്റ്ഷാ, ബറൈച്ച്, ബിജ്നോള് എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കല്ലേറില്‍ ഒരു കോണ്‍സ്റ്റബിളിന് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച വരെ ഏതാണ്ട് 10,000 പേരെ പോലീസ് കരുതല്‍ തടങ്കല്‍ പ്രകാരം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമപ്രകാരം 2000 ത്തോളം ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
കിര്താല് ഗ്രാമത്തില്‍ നിന്നും കത്തികള്‍, വാളുകള്‍, കഠാരികള്‍ എന്നിവയും പോലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തു. ജില്ലയിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അസ്വാഭാവിക സംഭവങ്ങളൊന്നും തന്നെ ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മുസാഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ പറഞ്ഞു. കോത്വാലിയില് ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് നാല് കര്‍ഫ്യുവില്‍ ഇളവ് നല്‍കിയിരുന്നത് ഒരു മണിക്കൂര്‍ കൂടി നീട്ടി അഞ്ച് മണിവരെയാക്കിയിരുന്നതായി ഐജി ആശിഷ് ഗുപ്ത പറഞ്ഞു.
സംസ്ഥാനത്തിന്റെ കിഴക്കന്‍, മധ്യ ഭാഗങ്ങളില്‍ മഹാപഞ്ചായത്ത് വിതരണം ചെയ്ത ഡിവിഡികളും സിഡികളും ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. തെറ്റിദ്ധാരണകള്‍ പ്രചരിക്കുന്നത് തടയാന്‍ വന്‍തോതില്‍ എസ്എംഎസുകള്‍ അയയ്ക്കാനും പോലീസ് പദ്ധതിയിട്ടിട്ടുണ്ട്. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സെന്ററുകളില്‍ സിഡി നിര്‍മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് നിരീക്ഷണവിധേയമാണെന്നും ഗുപ്ത വ്യക്തമാക്കി. കലാപത്തില്‍ പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ നല്കാന് മുഖ്യമന്ത്രി അഖിലേഷ് യാദവ് ബുധനാഴ്ച ഉത്തരവിട്ടു. ഇവരുടെ പട്ടിക തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുമുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 വും രൂപ വീതം നല്‍കാനും ഉത്തരവായിട്ടുണ്ട്.
അതിനിടെ മുസാഫര്‍നഗര്‍ സംഘര്‍ഷത്തെ സംബന്ധിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: