ന്യൂദല്‍ഹി: ബാറ്റ്സ്മാനെന്ന നിലയില്‍ തിളങ്ങാന്‍ സാധിച്ചില്ലെന്ന ആരോപണത്തെ വകവയ്ക്കാതെ ടെസ്റ്റ് ക്യാപ്പണിയാന്‍ കാത്തിരിക്കുകയാണ് രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നായകന് മഹേന്ദ്രസിംഗ് ധോണി ഓപ്പണിംഗ് സ്ഥാനത്തേക്ക് നിയോഗിച്ചതോടെ ശര്‍മയില്‍ നല്ല മാറ്റം കണ്ടിരുന്നു. അവിടെ കാഴ്ചവച്ച മികച്ച പ്രകടനം ഇന്ത്യാ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനത്തിലും രോഹിത് ശര്‍മ്മ ആവര്‍ത്തിച്ചു. ഇത് ശര്‍മയ്ക്ക് മികച്ച ആത്മവിശ്വാസം നല്‍കിയിരിക്കുകയാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വിലയിരുത്തുന്നു.
2010ല്‍ നാഗ്പൂരില്‍ നടന്ന ടെസ്റ്റ് മത്സരത്തിന് തൊട്ടു മുമ്പ് പരുക്കേറ്റതാണ് ശര്‍മയെ ടെസ്റ്റ് ടീമില്‍ നിന്നും ഒഴിവാക്കാന്‍ കാരണം. പരമ്പരാഗത ശൈലിയില്‍ കളിക്കുന്ന ശര്‍മ നവംബറില്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയില്‍ ടീമില്‍ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.
തനിക്ക് ഏറെ ആത്മവിശ്വാസമുണ്ട്. ഒരിക്കല്‍ കൂടി ടെസ്റ്റ് ടീമിലേക്ക് വിളിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഈ കാര്യങ്ങളൊന്നും തന്റെ കയ്യിലല്ല. ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച് വിജയത്തിലെത്തിക്കുകയെന്നതാണ് തന്റെ കടമ. വരാന്‍ പോകുന്ന പരമ്പരകളില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ശര്‍മ പറഞ്ഞു.
2010ല്‍ ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയും ഇടം നേടിയിരുന്നു. എന്നാല്‍ മത്സരത്തിന് മുന്നോടിയായി നടന്ന വ്യായാമത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന ഫുട്ബോള്‍ പരിശീലനത്തിനിടെ ശര്‍മയ്ക്ക് പരുക്കേറ്റു. തുടര്‍ന്ന് 2011 നവംബറില്‍ സ്വന്തം മണ്ണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റില്‍ ടീമിലിടം നേടിയെങ്കിലും അവസാന ഇലവനില്‍ സ്ഥാനം പിടിച്ചില്ല. ഇതു തന്നെ 2011-12 കാലത്ത് ആസ്ട്രേലിയയ്ക്കെതിരായ നാല് ടെസ്റ്റുകള്‍ ഉള്‍പ്പെട്ട പരമ്പരയിലും സംഭവിച്ചു.
പിന്നീട് സുരേഷ് റെയ്ന, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, രവീന്ദ്ര ജഡേജ എന്നിവര്‍ ടെസ്റ്റ് ടീമിന്റെ മധ്യനിരയില്‍ ഇടംപിടിച്ചു. തന്റെ കഴിവിനനുസരിച്ചുള്ള സ്ഥാനലബ്ധിയുണ്ടായില്ലെന്ന വിമര്‍ശനത്തെ ശര്‍മ തള്ളിക്കളയുന്നു.
ഇതുവരെ എന്തൊക്കെ ചെയ്യാന്‍ സാധിച്ചോ അതില്‍ താന്‍ സന്തുഷ്ടനാണ്. അതുപോലെ മുന്നോട്ടുപോകാനാണ് തീരുമാനം. പിന്തിരിഞ്ഞു നോക്കി പരാജയങ്ങളെച്ചൊല്ലി വിഷമിക്കാനില്ല. താന്‍ കഠിനമായി അധ്വാനിക്കുന്നുണ്ട്. അങ്ങനെ തന്നെ തുടരുകയും ചെയ്യും. ഒരു ടെസ്റ്റ് മത്സരത്തില്‍ പോലും കളിക്കാതെ 100 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കിയ ആദ്യ കളിക്കാരനെന്ന പേര് നേടിയ ശര്‍മ പറഞ്ഞു.
തന്റെ കരിയറിലെ ഇപ്പോഴത്തെ നേട്ടങ്ങളില്‍ സംതൃപ്തനാണ്. അത് തുടരാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ നാലുമാസങ്ങള്‍ തനിക്ക് ഏറെ വിലപ്പെട്ടതായിരുന്നു. ആ മികച്ച പ്രകടനങ്ങളില്‍ സന്തുഷ്ടനാണ്. ബാറ്റിംഗ് താന്‍ ആസ്വദിക്കുന്നുണ്ട്. മികച്ച തുടക്കം കിട്ടി കൂറ്റന്‍ സ്കോറിലേക്ക് പരിവര്‍ത്തനം ചെയ്യാനാണ് ശ്രമം. ഏതാണ്ട് 20-25 മത്സരങ്ങളില്‍ ഓപ്പണ്‍ ചെയ്തു. ആ സ്ഥാനത്തെ പങ്കാളിത്തം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇനിയും ഏറെ ദൂരം മുന്നോട്ടു പോകാനുണ്ടെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: