ഹരാരെ: സിംബാബ്വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ പാക്കിസ്ഥാന് 230 റണ്‍സിന് പുറത്തായി. സിംബാബ്വെ ഒന്നാം ഇന്നിംഗ്സില്‍ 294 റണ്‍സെടുത്തിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്സില്‍ സിംബാബ്വെക്ക് 64 റണ്‍സിന്റെ ലീഡ് സ്വന്തമായി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച സിംബാബ്വെ നാല്വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തിട്ടുണ്ട്. റണ്ണൊന്നുമെടുക്കാതെ ബ്രണ്ടന്‍ ടെയ്ലറാണ് ക്രീസില്‍. രണ്ട് ദിവസവും 6 വിക്കറ്റും കയ്യിലിരിക്കെ സിംബാബ്വെക്ക് 185 റണ്‍സിന്റെ ലീഡാണുള്ളത്. ഒന്നിന് 116 എന്ന നിലയില്‍ നിന്നാണ് സിംബാബ്വെ നാലിന് 121 എന്ന നിലയിലേക്ക് തകര്‍ന്നത്.
163ന് മൂന്ന് എന്ന ഭേദപ്പെട്ട നിലയില്‍ മൂന്നാം ദിവസമായ ഇന്നലെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച പാക്കിസ്ഥാന് 67 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴ് വിക്കറ്റുകളും നഷ്ടമായതാണ് തിരിച്ചടിയായത്. 52 റണ്‍സോടെ യൂനിസ് ഖാനും 27 റണ്‍സോടെ ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖുമാണ് ഇന്നലെ ബാറ്റിംഗ് തുടര്‍ന്നത്. എന്നാല്‍ സ്കോര്‍ 182 റണ്‍സിലെത്തിയപ്പോള്‍ തലേന്നത്തെ സ്കോറിനോട് 6 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് മിസ്ബ മടങ്ങിയതോടെ പാക്കിസ്ഥാന് തകര്‍ന്നു. 33 റണ്‍സെടുത്ത മിസ്ബയെ ബ്രയാന്‍ വിട്ടോറിയുടെ പന്തില്‍ മസ്കാഡ്സ പിടികൂടുകയായിരുന്നു. പിന്നീട് യൂനിസ് ഖാനും ആസാദ് ഷഫീഖും ചേര്‍ന്ന് സ്കോര്‍ 211-ല്‍ എത്തിച്ചു. എന്നാല്‍ 11 റണ്‍സെടുത്ത ഷഫീഖിനെ ബൗള്‍ഡാക്കി ചതാര സിംബാബ്വെക്ക് ബ്രേക്ക് ത്രൂ നല്കി. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും പാക് ഇന്നിംഗ്സിലെ ടോപ് സ്കോറര്‍ യൂനിസ് ഖാനും മടങ്ങി. 77 റണ്‍സെടുത്ത യൂനിസ് ഖാനെ ടിനാഷെ പന്‍യാന്‍ഗര മവോയോയുടെ കൈകളിലെത്തിച്ചു.
പിന്നീടുള്ള അഞ്ച് വിക്കറ്റുകള്‍ വെറും 19 റണ്‍സെടുക്കുന്നതിനിടെയാണ് പാക്കിസ്ഥാന് നഷ്ടപ്പെടുത്തിയത്. അക്മല്‍ (6), അബ്ദുര്‍ റഹ്മാന് (0), സയീദ് അജ്മല്‍ (7), ജുനൈദ് ഖാന് (3) എന്നിവര്‍ അലക്ഷ്യമായി ബാറ്റേന്തി വിക്കറ്റ് വലിച്ചെറിഞ്ഞതോടെ പാക് ഇന്നിംഗ്സ് 230 റണ്‍സിന് സമാപിച്ചു. പാക് നിരയില്‍ അഞ്ച് പേര് മാത്രമാണ് രണ്ടക്കം കടന്നത്.
26.5 ഓവറില്‍ 61 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ബ്രയാന്‍ വിട്ടോറിയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ പന്യാന്ഗരയുമാണ് പാക്കിസ്ഥാനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. കരിയറില്‍ ആദ്യമായാണ് വിട്ടോറി ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തുന്നത്.
64 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച സിംബാബ്വെയെ തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞെങ്കിലും മവോയോയും മസാകഡ്സയും ഒത്തുചേര്‍ന്നതോടെ പാക്കിസ്ഥാന്റെ പിടിയയഞ്ഞു.
സ്കോര്‍ ബോര്‍ഡില്‍ വെറും 13 റണ്‍സുള്ളപ്പോള്‍ അഞ്ച് റണ്‍സെടുത്ത പ്രോസ്പര്‍ ഉത്സേയയെയാണ് രാഹത് അലിയുടെ പന്തില്‍ ആസാദ് ഷഫീഖ് പിടികൂടിയത്. പിന്നീട് സ്കോര്‍ 117-ല്‍ എത്തിയപ്പോള്‍ 58 റണ്‍സെടുത്ത മവോയോയും സ്കോര്‍ 121-ല്‍ എത്തിയപ്പോള്‍ 44 റണ്‍സെടുത്ത മസാകഡ്സയും പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: