വിശാഖപട്ടണം: ന്യൂസിലാന്‍ഡ് ‘എ’ ടീമിനെതിരായ ഏകദിന പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ‘എ’ ഇന്നിറങ്ങുന്നു. പരമ്പരയില്‍ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ വിജയം പിടിച്ചെടുക്കാനാകുമെന്നുതന്നെയാണ് ആതിഥേയരുടെ വിശ്വാസം. ഉന്മുഖ് ചന്ദ്, മന്ദീപ് സിംഗ്, അശോക് മെനേരിയ തുടങ്ങിയവര്‍ മികച്ച ഫോം പുലര്‍ത്തുന്നത് ഇന്ത്യക്ക് ആത്മവിശ്വാസം പകരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട കിവീസ് ശക്തമായ തിരിച്ചുവരവ് ഒരുങ്ങുമെന്നുറപ്പാണ്. അതിനാല്‍ ഇന്ന് ഇന്ത്യക്ക് ഏറെ വിയര്പ്പൊഴുക്കേണ്ട്വരുമെന്നുറപ്പാണ്. നിസാരമായി എഴുതിതള്ളാവുന്ന ടീമല്ല കിവീസിന്റേത്. രണ്ട് മത്സരങ്ങളിലും അശോക് മെനേരിയയുടെ മികവാണ് ഇന്ത്യയെ വിജയിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിലും തിളങ്ങിയ താരമാണ് മെനേരിയ.
ഉന്മുക്ത് ചന്ദിന്റെ നേതൃത്വത്തിലിറങ്ങുന്ന ടീമിന് വിജയം മാത്രമാവും ലക്ഷ്യം. കഴിഞ്ഞ മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ കിവീസിനെ പരാജയപ്പെടുത്തിയത്. ഇന്ന് നടക്കുന്ന മത്സരത്തില്‍ സ്പിന്നര്‍ ജലജ് സക്സേനയും ബാറ്റ്സ്മാന് സഞ്ജു സാംസണും അവസാന ഇലവനില്‍ സ്ഥാനംപിടിക്കാന്‍ സാധ്യതയുണ്ട്.
ആദ്യ രണ്ട് മത്സരങ്ങളിലും ചന്ദ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യമത്സരത്തില്‍ 94 റണ്‍സാണ് ചന്ദ് നേടിയത്. രണ്ടാം മത്സരത്തില്‍ 59 റണ്‍സും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു. അണ്ടര്‍ 19 ലോകകപ്പ് നേടിയ ക്യാപ്റ്റനാണ് ഉന്മുക്ത് ചന്ദ്. ഓപ്പണര്‍ റോബിന് ഉത്തപ്പ ഒരു മത്സരത്തില്‍ തിളങ്ങി. എന്നാല്‍ രണ്ടാം മത്സരത്തില്‍ 12 റണ്‍സ് മാത്രമാണ് ഉത്തപ്പക്ക് നേടാനായത്. ഇന്നത്തെ മത്സരത്തില്‍ മികവ് പുലര്‍ത്താനായാല്‍ സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുമെന്ന് ഉത്തപ്പ കരുതുന്നു.
കിവീസ് നിരയില്‍ കാള്‍ കയ്യോപ്പ കഴിഞ്ഞ മത്സരത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. റോഞ്ചിയും പ്രതീക്ഷ നല്കുന്നു. അവസാന മത്സരത്തില്‍ ജയം നേടി മടങ്ങാനാവുമെന്നാണ് കിവീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: