ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിയുടെ അനധികൃത സമ്പാദ്യവുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിസിസിഐ മുന്‍ പ്രസിഡന്റും ഇന്ത്യാ സിമന്റ്സ് ഉടമയുമായ എന്‍. ശ്രീനിവാസന്റെ പേരും. വ്യാഴാഴ്ച്ച ഹൈദരാബാദിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച മൂന്ന് കുറ്റപത്രങ്ങളില്‍ ഒന്നിലാണ് ശ്രീനിവാസന്റെ പേരുള്ളത്.
ശ്രീനിവാസന്റെ ഇന്ത്യാ സിമന്റ്സ് ജഗ്മോഹന്റെ കമ്പനിയില്‍ 140 കോടി നിക്ഷേപിച്ചിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ജഗന്റെ പിതാവ് വൈ.എസ് രാജശേഖര റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആന്ധ്ര സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ പറ്റി പ്രത്യുപകാരമായി ജഗന്റെ കമ്പനിയിലേക്ക് നിക്ഷേപം നടത്തിയെന്നാണ് ശ്രീനിവാസന് ഉള്‍പ്പെടെയുളളവര്‍ക്കെതിരേ സിബിഐ ആരോപിക്കുന്നത്.
ഇന്ത്യാ സിമന്റ്സിനൊപ്പം മറ്റു രണ്ടു സിമന്റ് കമ്പനികളുടെ ഉടമസ്ഥരുടെ പേരും സിബിഐ കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ ശ്രീനിവാസനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഐപിഎല്‍ ഒത്തുകളിയില്‍ മരുമകന് മെയ്യപ്പന്റെ പേര് ഉയര്‍ന്നുവന്നതിനെ തുടര്‍ന്നാണ് ശ്രീനിവാസന് ബിസിസിഐ പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: