ന്യൂദല്‍ഹി: അന്വേഷണ ഏജന്‍സി എന്ന നിലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയെന്നത് നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണെന്ന് സിബിഐ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. നിരവധി ബുദ്ധിമുട്ടുകളാണ് സ്വതന്ത്രഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതിന് നേരിടേണ്ടിവരുന്നതെന്ന് കല്‍ക്കരിപ്പാടം അഴിമതിക്കേസന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയെ അറിയിച്ചു.
ശ്വാസം മുട്ടിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അന്വേഷണസംഘത്തിനു മേലുണ്ടാകുന്നത്. സ്വാതന്ത്ര്യം വേണമെന്ന സിബിഐയുടെ ആവശ്യത്തിന് ഇരുപത് വിയോജനക്കുറിപ്പാണ് ഒരു ഹെഡ് ക്ലാര്‍ക്ക് എഴുതിയിരിക്കുന്നതെന്ന ഉദാഹരണവും സിബിഐ സംഘം കോടതിയില്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പേഴ്സണല്‍ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രിക്കു നേരിട്ട് ആവശ്യങ്ങള്‍ സമര്‍പ്പിക്കാന്‍ സിബിഐ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.
അതിനിടെ കല്ക്കരിഅഴിമതിക്കേസന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ ആവശ്യപ്പെട്ടതില്‍ കാണാതായ ഫയലുകള്‍ ഏതൊക്കെയാണെന്ന് രണ്ടു ദിവസത്തിനകം പട്ടിക തയ്യാറാക്കുമെന്ന് കേന്ദ്രകല്ക്കരിമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ അറിയിച്ചു.
പട്ടികയിന്മേല് സിബിഐക്ക് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാം. ഏതൊക്കെ ഫയലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന വ്യക്തമായ വിവരം ഇന്നത്തോടെ അറിയാന്‍ സാധിക്കും. എന്നാല്‍ സിബിഐ ആവശ്യപ്പെട്ടതില്‍ എത്ര രേഖകള്‍ കാണാതായിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ കല്‍ക്കരിമന്ത്രി തയ്യാറായിട്ടില്ല. ഫയലുകള്‍ കണ്ടെത്തിനല്കാന് കല്‍ക്കരിമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: