കൊച്ചി: മെട്രോ റെയില്‍ പദ്ധതിയുടെ ഭാഗമായി പുനര്‍ നിര്‍മിക്കുന്ന നോര്‍ത്ത് റെയില്‍വേ മേല്‍പാലത്തിന്റെ കിഴക്കുഭാഗത്തെ ഗര്‍ഡറുകള്‍ ഇന്ന് രാത്രി സ്ഥാപിക്കും. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാത്രി 10 മുതല്‍ ചൊവ്വാഴ്ച രാവിലെ 5.30 വരെയാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിട്ടുള്ളത്.
വാഹനങ്ങള്‍ എ.എല്‍. ജേക്കബ് റെയില്‍വേ മേല്‍പാലം വഴിയോ, പുല്ലേപ്പടി റെയില്‍വേ മേല്‍പാലം വഴിയോ നഗരത്തിലേക്ക് പ്രവേശിക്കുകയും പുറത്തേക്ക് പോകുകയും വേണമെന്ന് ട്രാഫിക് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
കിഴക്കുഭാഗത്തുള്ള നാല് ഗര്‍ഡറുകളാണ് ഇന്ന് രാത്രി സ്ഥാപിക്കുന്നത്. നിര്‍മാണം പുരോഗമിക്കുന്ന പ്രധാന പാലത്തിലെ മറ്റ് ഗര്‍ഡറുകളും ഉടന്‍ സ്ഥാപിക്കാനാകുമെന്നാണ് ഡിഎംആര്‍സിയുടെ പ്രതീക്ഷ.
തുടര്‍ന്ന് നവംബര്‍ മാസത്തില്‍ തന്നെ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനും ഡി.എം.ആര്.സി. ലക്ഷ്യമിടുന്നുണ്ട്. റെയില്‍വേ ലൈനുകള്‍ക്ക് മുകളില്‍ ഉരുക്കിന്റെ നാല് ഗര്‍ഡറുകളാണ് സ്ഥാപിക്കുക. ഇവയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.
കൊച്ചി മെട്രോയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിഎംആര്‍സി ഏറ്റെടുത്ത അഞ്ച് ജോലികളിലൊന്നായ നോര്‍ത്ത് പാലത്തിന്റെ പുനര്‍നിര്‍മാണം 70 കോടി ചെലവിട്ടാണ് പൂര്‍ത്തിയാക്കുന്നത്. സലീം രാജന് റോഡിന്റെയും മേല്പാലത്തിന്റെയും നിര്‍മാണം, എം.ജി. റോഡ്, ബാനര്‍ജി റോഡ്, സൗത്ത് റെയില്‍വേ സ്റ്റേഷന് എന്നിവയുടെ വീതികൂട്ടല്‍ തുടങ്ങിയവാണ് മറ്റുള്ളവ. ഇതില്‍ സലീം രാജന് മേല്‍പാലം (എ.എല്‍. ജേക്കബ് മേല്‍പാലം) പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി ഇതിനോടകം തുറന്നുകൊടുത്തു. നോര്‍ത്ത് പാലത്തിന്റെ നിര്‍മ്മാണം അടുത്തമാസം പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: