ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ വിവിധ വന്‍കിട സ്ഥാപനങ്ങള്‍ കൃത്യനിര്‍വഹണത്തിലെ വീഴ്ചയും പിടിപ്പുകേടും മറ്റും ചൂണ്ടിക്കാട്ടി സിഇഒമാരെ വരെ ജോലിയില്‍നിന്നു പിരിച്ചുവിടുന്നു. വരുംകാലത്ത് പല സ്ഥാപനങ്ങളുടെയും തലവന്മാര്ക്കും ഈ അവസ്ഥ വന്നുകൂടായ്കയില്ലെന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ചെലവു ചുരുക്കാന്‍ കമ്പനികള്‍ ഈ വഴി പിന്തുടരാന് സാധ്യത കൂടുതലാണെന്നാണ് കണക്കാക്കപ്പെടുന്നത്.
നാഷണല്‍ സ്പോട് എക്സ്ചേഞ്ച് ലിമിറ്റഡ് കമ്പനി അതിന്റെ മേല്‍ത്തട്ടിലുള്ള കുറേയേറെ എക്സിക്യൂട്ടീവുകളെ പുറത്താക്കി. അവരില്‍ സിഇഒ അഞ്ജാനി സിന്‍ഹയും പെടുന്നു. ഏറെ നാളായി ഈ കമ്പനിയുടെ വിവിധ പദ്ധതികളില്‍ സുപ്രധാന റോള്‍ വഹിച്ചിരുന്നു അഞ്ജാനി.
പ്രമുഖ സ്പോര്‍ട്സ് വസ്തുക്കളുടെ നിര്‍മാതാക്കളായ റീബോക് ഇന്‍ഡ്യയുടെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇത്തരത്തില്‍ പുറത്തേക്കുള്ള വഴിയിലാണ്. ആഗോള ചില്ലറ വില്‍പ്പനക്കാരില്‍ ഭീമന്ഗ്രൂപ്പായ വാല്മാര്ട്ടിന്റെ ഇന്ത്യന്‍ തലവനുള്‍പ്പെടെ ഒട്ടേറെ പേരെ കമ്പനി ഒഴിവാക്കാന്‍ പോകുകയാണ്. തീര്‍ത്തും അപമാനകരമായ രീതിയിലാണ് ഈ തലവന്റെ പുറത്തേക്കുള്ള പോക്ക്.
കമ്പനികള്‍ അവരുടെ ജീവനക്കാര്‍ മുമ്പു വരുത്തിയിട്ടുള്ള നേരിയ പിഴകള്‍ക്കും പോരായ്മകള്‍ക്കും ഇപ്പോള്‍ ശിക്ഷകൊടുക്കാന്‍ പറ്റിയ സമയമെന്നു വിലയിരുത്തിയതുപോലെയാണു നീക്കങ്ങള്‍ നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടിരിക്കുന്നുവെന്നതാണ് പ്രത്യേകതയായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഒഴിവാക്കപ്പെട്ട ഒരു സിഇഒ ഇങ്ങനെ പ്രതികരിച്ചു, “കമ്പനികള്‍ക്ക് ഇതാകാം, അവര്‍ക്കതിനു തക്ക കാരണവും പറയാനുണ്ടാകും, പക്ഷേ ഇപ്പോഴത്തെ ഈ രീതി കൊടും ക്രൂരതയാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: