ന്യൂദല്‍ഹി: രാജ്യം നേരിടുന്ന സുപ്രധാന പ്രശ്നങ്ങളിളോട് പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വായ തുറപ്പിക്കാന്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പ്രതിപക്ഷത്തിനായെന്ന് ബിജെപി. കല്‍ക്കരി അഴിമതിക്കേസ് അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിന് അതിശക്തമായ ഇടപെടലുകളാണ് പ്രതിപക്ഷത്തിന് നടത്തേണ്ടിവരുന്നതെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. പ്രതിപക്ഷ പ്രതിഷേധം ഭയന്ന് മണ്‍സൂണ്‍ സെഷന് വേണ്ടെന്നുവയ്ക്കാന്‍ ആലോചിച്ച കേന്ദ്രസര്‍ക്കാര്‍ ഒടുവില്‍ ചുരുങ്ങിയ ദിവസത്തേക്ക് സെഷന് വിളിച്ചു ചേര്‍ത്തെങ്കിലും നിശ്ചയിച്ചതിയും ഒരാഴ്ച കൂടി നീട്ടിക്കൊണ്ടുപോകാന്‍ കഴിഞ്ഞത് പ്രതിപക്ഷത്തിന്റെ വിജയമായി. ജനവിരുദ്ധ വികാരം നേരിടുന്ന കേന്ദ്രസര്‍ക്കാരിന് ഇരുസഭകളിലും അതു ശരിക്കും അനുഭവിക്കാനായെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലിയും പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നത് തടയാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തോടെയാണ് പ്രതിപക്ഷം സഭ പിരിഞ്ഞതെന്ന് സുഷമാ സ്വരാജ് പറഞ്ഞു. നിരവധി പ്രശ്നങ്ങളില്‍ സര്‍ക്കാരിനെ ശക്തമായ തീരുമാനങ്ങളെടുപ്പിക്കാന്‍ പ്രതിപക്ഷം നിര്‍ബന്ധിതമാക്കി. ഉത്തരാഖണ്ഡ് ദുരന്തം, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി,രൂപയുടെ വിനിമയ മൂല്യത്തകര്‍ച്ച,പാക് അതിര്‍ത്തിയിലെ സൈനികരുടെ തലവെട്ടിമാറ്റിയ സംഭവം,ചൈനാ അതിര്‍ത്തിയിലെ നിയന്ത്രണരേഖ ലംഘനം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിലപാട് വ്യക്തമാക്കിക്കാന് പ്രതിപക്ഷത്തിനു സാധിച്ചു.
ഭക്ഷ്യസുരക്ഷാ ബില്ലിലെ സാധാരണക്കാര്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ മാറ്റിവയ്ക്കാന്‍ പ്രതിപക്ഷ ഇടപെടല്‍ കാരണമായി. ഭൂമി ഏറ്റെടുക്കല്‍ ബില്ലിലും കര്‍ഷകര്‍ക്ക് അനുകൂലമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞു. പെന്ഷന് ഫണ്ട് റെഗുലേറ്ററി അതോറിറ്റി ബില്ലിലെ ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ഭേദഗതി ചെയ്തതും പ്രതിപക്ഷസമ്മര്ദ്ദം മൂലമാണ്. ആര്‍ടിഐ ബില്ല് പാസാവാതിരുന്നത് കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ മൂലമാണ്. ജൂഡീഷ്യല്‍ നിയമന കമ്മീഷന് ബില്ലിന്റെ കാര്യത്തിലും കേന്ദ്രസര്‍ക്കാരിന്റെ അശ്രദ്ധയാണ് കാരണമായതെന്നും സുഷമാ സ്വരാജ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ വിശ്വാസ തകര്‍ച്ചയാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. അഴിമികയും കേന്ദ്രഭരണത്തിലെ നേതൃത്വമില്ലായ്മയുമെല്ലാം രാജ്യത്തിന്റെ നിലവിലെ പ്രതിസന്ധിക്കു കാരണമായി. തെലങ്കാന രൂപീകരണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടാണ് സഭയിലുണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണമായത്. സര്‍ക്കാരിന് ഒറ്റയ്ക്ക് ബില്ലുകള്‍ പാസാക്കാന്‍ സാധിക്കാത്ത നിലവന്നതോടെ പ്രതിപക്ഷ സഹായം തേടുകയായിരുന്നെന്നും ജനവിരുദ്ധമായ നിയമങ്ങള്‍ പാസാക്കുന്നത് ഒഴിവാക്കപ്പെട്ടത് പ്രതിപക്ഷ നിലപാടു മൂലമായിരുന്നെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: