കൊച്ചി: സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര നടന്നു. പഴമയും പാരമ്പര്യവും വിളിച്ചോതുന്ന 56 കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ അണിനിരന്നു. മന്ത്രി അനൂപ് ജേക്കബ് കൊടി ഉയര്‍ത്തിയതോടെ ഓണാഘോഷത്തിന് തുടക്കമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിച്ച അത്തച്ചമയ ഘോഷയാത്ര മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു.
നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്, പഞ്ചവാദ്യം, ശിങ്കാരിമേളം, അര്‍ജുന നൃത്തം, നിശ്ചല ദൃശ്യങ്ങള്‍, വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍ എന്നിവ ഘോഷയാത്രയെ വര്‍ണാഭമാക്കി. ഒരുമയുടെ സന്ദേശം പൂര്‍ണമായി ഉള്‍ക്കൊള്ളാനും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നതാണ് ഓണാഘോഷങ്ങളെന്ന് കെ. ബാബു പറഞ്ഞു. ധാര്‍മികതയ്ക്ക് നിരക്കാത്ത ഒരുപാട് അക്രമങ്ങളും മൂല്യച്യുതിയും സമൂഹത്തെ ബാധിച്ചിരിക്കുന്ന ഈ അവസരത്തില്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനത്ത മഴയെ അവഗണിച്ചും ഘോഷയാത്ര കാണാനായി വന്‍ ജനാവലി റോഡിനിരുവശവും തടിച്ചു കൂടിയിരുന്നു. ഘോഷയാത്ര നഗരപ്രദക്ഷിണം പൂര്‍ത്തിയാക്കി ഉച്ചയോടെ അത്തം നഗറില്‍ മടങ്ങിയെത്തി. ഇനിയുള്ള പത്ത് നാള് മലയാളിക്ക് ഓണാഘോഷത്തിന്റെ ദിനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: