കുറവിലങ്ങാട്: തമിഴ്നാട്ടിലെ ഡിണ്ടിഗലില്‍ വാഹനാപകടത്തില്‍ കുറവിലങ്ങാട് ഇലയ്ക്കാട് സ്വദേശികളായ അഞ്ചുപേര്‍ മരിച്ചു. ഇലയ്ക്കാട് കുടുക്കാം തടത്തില്‍ ജോസഫ്(ചെറുക്കായി-47) മകള്‍ ജിസ്മി (19) ബന്ധു കുടുക്കാം തടത്തില്‍ കെ.പി.ജോണ്‍ (ജോണി 50) കൊച്ചുപുളിക്കല്‍ ജോമി(28) കാര്‍ ഡ്രൈവര്‍ കാഞ്ഞിരത്താം കുഴിയില്‍ കെ.എസ്.സുനില്‍കുമാര്‍ (32) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 11.30നായിരുന്നു അപകടം. ചെന്നൈ സത്യഭാമ എന്‍ജിനിയറിംഗ് കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ ജിസ്മിക്ക് അസുഖമായതിനാല്‍ ജിസ്മിയെ കൂട്ടി നാട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുന്നില്‍ പോവുകയായിരുന്ന ബസ്സിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അഞ്ചുപേരും സംഭവ സ്ഥലത്ത് വെച്ച് മരിച്ചു.
വാഹനാപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞത് ഫോണ്‍ കോളുകളില്‍ നിന്നായിരുന്നു. കുടുക്കാംതടത്തില്‍ ജോസഫിന്റ വീടിന് അരകിലോ മീറ്റര്‍ ചുറ്റളവില്‍ തന്നെയാണ് മരിച്ച മറ്റ് മൂന്ന് പേരുടെയും വീടുകള്‍. വെള്ളിയാഴ്ച പുലര്‍ച്ച രണ്ട് മണിയോടെ ഡിണ്ടിഗലില്‍ നിന്ന് പൊലീസ് മരിച്ചവരുടെ അവസാനത്തെ ഫോണ്‍ കോളുകള്‍ പരിശോധിച്ച് കുറവിലങ്ങാട്ടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.്. കാര്‍ ഡ്രൈവര്‍ സുനില്‍ കുമാറിന്റെ അവസാനത്തെ കോള്‍ സഹോദരന് രാജേഷിനും, കെ പി ജോസഫിന്റെ കോള്‍ ഭാര്യ മേരിയ്ക്കുമായിരുന്നു. ജിസ്മിയുടെ എഞ്ചിനിയറിംഗ് കോളേജ് കാണുവാനായാണ് മറ്റ് നാലുപേരും ചെറുക്കായിക്കൊപ്പം കൂടിയത്.
മകളെ കൂട്ടുവാന്‍ ചെറുക്കായി ട്രെയിനില്‍ ടിക്കറ്റ് എടുത്തെങ്കിലും ജാസ്മിക്ക് അസുഖമായതിനെതുടര്ന്നാണ് കാറില്‍ യാത്ര പുറപ്പെട്ടത്.അപകടത്തില്‍ തകര്‍ന്ന കാര്‍ കോഴ സ്വദേശിയുടേതാണ്. അപകടത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു.
മേഴ്സിയാണ് മരിച്ച ജോസഫിന്റെ ഭാര്യ, മകള്‍ ജോസ്മി, കെ.പി.ജോണിന്റെ ഭാര്യ മേരി(ലളിത) കുറുപ്പന്തറ എം.വി.ഐ.പി.ഉദ്യോഗസ്ഥയാണ്. മകള്‍ അന്‍ജു ജോണ്‍, അമല്‍ ജോണ്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍).
മരിച്ച സുനില്‍കുമാര്‍ കാഞ്ഞിരത്താംകുഴിയില്‍ പരേതനായ അപ്പുക്കുട്ടന്നായരുടേയും ദേവികയുടേയും മകനാണ്. രാജേഷ്കുമാര്‍ ഏക സഹോദരനാണ്. അവിവാഹിതനാണ്. മരിച്ച ജോമി കൊച്ചുപുളിക്കല്‍ ജോസഫിന്റെയും റോസമ്മയുടേയും മകനാണ്. ജോമോന് ഏക സഹോദരനാണ്.
അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയില്‍ വീടുകളില്‍ എത്തിച്ചു. സുനില്‍കുമാര്‍ ഒഴികെ മറ്റ് നാലുപേരുടെയും സംസ്കാരം ഇന്ന് രാവിലെ 9.30ന് കുറവിലങ്ങാട് മര്‍ത്താമറിയം ഫൊറോനപള്ളി സെമിത്തേരില് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: