പള്ളുരുത്തി: ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളിയാഴ്ച പശ്ചിമകൊച്ചിയിലെ റേഷന്‍കടളില്‍ നടന്ന റെയ്ഡ് വിവരം കടക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയതായി ആരോപണം.
ക്രമക്കേട് കണ്ടെത്തുന്നതിനായി സിവില്‍സപ്ലൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. വെള്ളിയാഴ്ച റെയ്ഡ് നടക്കുന്ന വിവരം ജില്ലാ സപ്ലൈ ഓഫീസില്‍നിന്നുതന്നെ റേഷന്‍ മൊത്തവിതരണക്കാര്‍ വഴി കടക്കാര്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയായിരുന്നു. റെയ്ഡ് വിവരം അറിഞ്ഞതിനെത്തുടര്‍ന്ന് കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിന് കീഴിലെ റേഷന്‍കടകള്‍ പലതും അടഞ്ഞുകിടന്നു. റെയ്ഡിന് വന്ന ഉദ്യോഗസ്ഥര്‍ ലൈസന്‍സിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
പള്ളുരുത്തിയിലെ റേഷന്കടളില്നിന്നും അരി മറിച്ചുവിറ്റുവെന്ന പരാതിയെത്തുടര്‍ന്ന് ഭക്ഷ്യമന്ത്രിതന്നെ കടകളില്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. മന്ത്രിയുടെ ഓഫീസില്‍നിന്നും ഉത്തരവ് വന്ന ദിവസംതന്നെ റേഷന്‍കടക്കാര്‍ക്ക് വിവരം ചോര്‍ത്തി നല്‍കുകയായിരുന്നു. തുറന്ന കടകളിലെ റേഷന്‍ ധാന്യങ്ങളിലെ അളവുകളും കണക്കും ശരിയായ രീതിയിലായിരുന്നു. അന്ത്യോദയ അരി വാങ്ങുന്നവരുടെ വിവരവും ബിപിഎല്‍ ലിസ്റ്റും റേഷന്‍കടളില്‍ ഒരുക്കിവെച്ചിരുന്നു. ഇത് ശരിയാകാത്ത കടകളാണ് അടച്ചിട്ടത്.
റേഷന്‍കടകളിലെ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ ഹോട്ടലുകളിലും പലചരക്ക് കടകളിലും പരിശോധന നടത്തി മടങ്ങുകയായിരുന്നു. ക്രമക്കേടുകള്‍ നടന്നതായി ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തതുമില്ല. അതേസമയം പരാതി വിളിച്ചുപറഞ്ഞ ഫോണ്‍ നമ്പറും അഡ്രസ്സും ഉദ്യോഗസ്ഥര്‍ ചോര്‍ത്തി നല്‍കിയതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: