തിരുവനന്തപുരം: പത്തിന് കേരളത്തിലെത്തുന്ന ഉപരാഷ്‌ട്രപതി എം.ഹമീദ് അന്‍സാരിക്ക് തലസ്ഥാനത്ത് കര്‍ശന സുരക്ഷ. ഉപരാഷ്‌ട്രപതിക്ക് പ്രത്യേകപരിഗണന നല്‍കി കര്‍ശന സുരക്ഷ ഒരുക്കണമെന്ന കേന്ദ്രനിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരളാപോലീസും ദേശീയസുരക്ഷാ ഏജന്‍സികളും ചേര്‍ന്ന് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ഉപരാഷ്‌ട്രപതി എത്തുന്നത് പത്തിന് വൈകിട്ടാണ്. പത്തിന് ഉച്ചമുതല്‍ തിരികെ പോകുന്ന പതിനൊന്നിന് വൈകുന്നേരം വരെ തിരുവനന്തപുരം നഗരം സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാകും. വാഹനഗതാഗത നിയന്ത്രണവും ഉണ്ടാകും.
ലഷ്കര്‍ തീവ്രവാദികള്‍ ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്. പത്തിന് വൈകിട്ട് ആറിന് തിരുവനന്തപുരത്തെ എയര്‍ഫോഴ്സ് വിമാനത്താവളത്തിലാണ് ഹമീദ്‌അന്‍സാരി എത്തുന്നത്. കവടിയാറിലെ വിവേകാനന്ദപ്രതിമ അനാഛാദനമാണ് ഉപരാഷ്‌ട്രപതിയുടെ തിരുവനന്തപുരത്തെ പ്രധാനപരിപാടി. ഇതുകൂടാതെ നാലുപരിപാടികളില്‍ കൂടി അദ്ദേഹം പങ്കെടുക്കും.
പത്തിന് വൈകിട്ട് 6.30ന് ശ്രീനാരായണഗുരു ഗ്ലോബല്‍ സെക്കുലര്‍ അവാര്‍ഡ് ദാനം അദ്ദേഹം നിര്‍വ്വഹിക്കും. അന്ന് രാജ്ഭവനില്‍ തങ്ങുന്ന ഉപരാഷ്‌ട്രപതി പതിനൊന്നിന് രാവിലെ 8.45ന് വഴുതക്കാട്ടെ ആനിമസ്ക്രീന്‍ പ്രതിമ അനാഛാദനം ചെയ്യും. 9 മണിക്ക് നിയമസഭയില്‍ പ്രസംഗിക്കും. 11 മണിക്ക് മസ്കതോട്ടലില്‍ കെ.എന്‍.പണിക്കരുടെ പുസ്തകം ഉപരാഷ്‌ട്രപതി പ്രകാശനം ചെയ്യും. വൈകിട്ട് നാലരയ്‌ക്കാണ് കവടിയാര്‍ പാര്‍ക്കില്‍ വിവേകാനന്ദപ്രതിമ അനാഛാദനം. വൈകിട്ട് 5.45 ഓടെ ഉപരാഷ്‌ട്രപതി ദില്ലിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: