കൊല്ലം: വെള്ള, പച്ച, മഞ്ഞ, നീല, ചുമപ്പ് നിറങ്ങളുടെ സങ്കലനത്താല്‍ വിസ്മയങ്ങളുടെ പൂക്കൂടയൊരുക്കി ജീവിതത്തിന് നിറം പിടിപ്പിക്കുകയാണ് ഇവിടെ കുറേപ്പേര്. തൊടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദൃശ്യപ്പൊലിമയുടെ ഈ വസന്തം തീര്‍ക്കുന്നത് അഞ്ച് സ്ത്രീകളാണ്. രജനി, ഷീല, ജയശ്രീ, ശ്യാമ, ഗിരിജ എന്നിവര്‍ ഒരേ മനസ്സോടെ ഒരുമിച്ചപ്പോള്‍ ഗ്രാമശ്രീ ബൊക്കെ നിര്‍മാണ യൂണിറ്റ്-അഗ്രിക്കള്‍ച്ചറല്‍ നഴ്സറി രൂപപ്പെടുകയായിരുന്നു. യൂണിറ്റ് തുടങ്ങിയിട്ട് കുറച്ചേ ആയിട്ടുള്ളൂയെങ്കിലും പ്രവര്‍ത്തനമികവിന്റെ നീണ്ട നാളുകള്‍ പിന്നിട്ട കൈത്തഴക്കമാണ് ഇവരുടെ സൃഷ്ടികള്‍ക്ക്.
ഓര്‍ക്കിഡ്, ആന്തൂറിയം, കാര്‍ണേഷ്യം, ആസ്റ്റര്‍, ബ്ലൂഡെയ്സി, ശതാവലി, വിവിധയിനം റോസാപ്പൂക്കള്‍, എവര്‍ഗ്രീന്‍ ഇലകള്‍, വാടാമുല്ല, തെച്ചി, താമര, ആമ്പല്‍.. എന്നിങ്ങനെ കാലാകാലങ്ങളില്‍ നമ്മുടെ തൊടികളില്‍ കാണുന്ന ഏത് പൂക്കള്‍കൊണ്ടും വശ്യമനോഹരമായ ബൊക്കെ നിര്‍മിക്കാന്‍ ഇവര്‍ക്കറിയാം.സാധാരണ ബൊക്കേകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കള്‍ അഴുകാതെ പ്രകൃതിക്ക് വിനാശകരമായി മാറുന്നതുകൊണ്ട് പ്രതൃതിജന്യവസ്തുക്കള് കൊണ്ടാണ് ഇവര്‍ ബൊക്കേകള്‍ നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റുള്ള ബൊക്കെകളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമീണ തനിമയുടെ പ്രതീകങ്ങളാവുന്നു ഈ പൂക്കൂടകള്‍.
തുമ്പയും മുക്കുറ്റിയും നന്ത്യാര്‍വട്ടവും കറുകപ്പുല്ലും മന്ദാരവും മറ്റും ഉപയോഗിച്ചും ഇവര്‍ പൂക്കൂടയൊരുക്കാറുണ്ട്. തൊടിയൂര്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി പുഷ്പകൃഷിയില്‍ താത്പര്യം പ്രകടിപ്പിച്ച് പഞ്ചായത്തില്‍ പേരു നല്‍കിയവരെ ഉള്‍പ്പെടുത്തി പൂക്കൂട നിര്‍മാണ ഏകദിന പരിശീലന പരിപാടി നടത്തിയിരുന്നു. പഠിച്ചത് മറക്കാതെ തങ്ങള്‍ സ്വായത്തമാക്കിയ വിദ്യ പ്രാവര്‍ത്തികമാക്കാനായി ഇവര്‍ ഗ്രാമശ്രീ നിര്‍മാണയൂണിറ്റ് തുടങ്ങുകയായിരുന്നു.
ബൊക്കെ നിര്‍മാണത്തില്‍ കൂടുതലായും ഉപയോഗിക്കുന്നത് ഇവരുടെ വീടുകളില്‍ തന്നെ നട്ടുവളര്‍ത്തുന്ന പൂക്കളും ചെടികളുമാണ്. വലിയ ഓര്‍ഡറുകള്‍ വരുമ്പോള്‍ മാത്രമാണ് പുറത്തു നിന്നും പൂക്കള്‍ വാങ്ങുക. ഈ സ്ത്രീകളുടെ കഠിനാധ്വാനവും കര്‍മോത്സുകതയും കൊണ്ട് ഗ്രാമശ്രീ ഇന്ന് മറ്റു പഞ്ചായത്തുകള്‍ക്കും വഴികാട്ടിയാകുന്നു.
ബൊക്കെ നിര്‍മാണം കൂടാതെ പന്തല്‍, കാര്‍ ഡെക്കറേഷന്, പൂമാല-റീത്ത് നിര്‍മാണം എന്നിവയും ഇവര്‍ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഒരു ചെറിയ പൂക്കൂടക്ക് 250 രൂപയോളം ചെലവ് വരും. സാഹചര്യങ്ങളും സന്ദര്‍ഭവും അനുസരിച്ച് ഇവയുടെ വിലയില്‍ ചില്ലറ മാറ്റങ്ങള്‍ നടത്താന്‍ തയ്യാറാണ് യൂണിറ്റംഗങ്ങള്‍. ഗ്രാമപഞ്ചായത്ത്-കൃഷിഭവന് സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ബൊക്കേകള്‍ സൗജന്യമായി നല്കി ഇവര്‍ മാതൃകയാകുന്നു.
ജലദൗര്‍ലഭ്യം, വാഹനസൗകര്യത്തിന്റെ അപര്യാപ്തത, സാമ്പത്തികവും സാങ്കേതികവുമായ ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെയുള്ള പ്രതിബന്ധങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും മാനസികോല്ലാസം പകരുന്ന ഈ പ്രവൃത്തിയില്‍ സംതൃപ്തരാണ് യൂണിറ്റംഗങ്ങള്‍. പ്രതീക്ഷയുടേയും സ്വപ്നങ്ങളുടേയും പൂക്കള്‍ വിരിയുന്നതും കാത്തിരിക്കുകയാണ് ഈ ഗ്രാമശ്രീ അംഗനമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: