മോസ്കോ: സിറിയയില്‍ വ്യോമാക്രമണം നടത്താനുള്ള അമേരിക്കന്‍ തീരുമാനം കനപ്പെട്ടു വരവേ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉലയുന്നു. അമേരിക്കന്‍ സൈനികോദ്യോഗസ്ഥനായിരിക്കെ ചാരപ്രവര്‍ത്തനം നടത്തി രാജ്യത്തിന്റെ രഹസ്യം ചോര്‍ത്തിയ എഡ്വേഡ് സ്നോഡനെ റഷ്യ അമേരിക്കക്ക് കൈമാറില്ലെന്ന് ഇന്നലെ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന് പ്രഖ്യാപിച്ചു. അമേരിക്കക്കെതിരേ റഷ്യ വീണ്ടും നയതന്ത്ര-രാഷ്ട്രീയക്കരുത്ത് കാട്ടുന്നുവെന്നതിന് തെളിവായാണ് അന്താരാഷ്ട്ര നയതന്ത്ര നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ പ്രവര്‍ത്തിക്കവേ സ്നോഡന് കൈകാര്യം ചെയ്ത അതി രഹസ്യ പ്രവര്‍ത്തന മേഖലയിലെ അമേരിക്കന്‍ വിവരങ്ങള്‍ സ്നോഡന് പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് യുഎസ് പിടികൂടി ശിക്ഷിക്കാനിരിക്കെ സ്നോഡന് റഷ്യയില്‍ അഭയം തേടി. റഷ്യ സ്നോഡനെ സംരക്ഷിക്കാന്‍ തയ്യാറായതിന്റെ പേരില്‍ അമേരിക്ക റഷ്യയുമായി ഇടഞ്ഞിരുന്നു. ഇപ്പോള്‍ കുറ്റവാളിയെ ക്രാന് ഇരു രാജ്യങ്ങളും തമ്മില്‍ നിയമപരമായ ബാധ്യത ഇല്ലാത്തതിനാല്‍ സ്നോഡനെ വിട്ടുകൊടുക്കില്ലെന്ന് പുടിന് നടത്തിയ പ്രഖ്യാപനം അമേരിക്കക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.
എന്നാല്‍ പുടിന് തന്റെ പ്രഖ്യാപനത്തിനു പറയുന്ന യുക്തി ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റക്കരാറില്ലെന്നതാണെങ്കിലും സിറിയ യുദ്ധ പ്രശ്നമുള്‍പ്പെടെയുള്ള പല ഘടകങ്ങളുമുണ്ടെന്നതാണ് വാസ്തവം. “ഞ്ഞങ്ങള്‍ സ്നോഡനെ സംരക്ഷിക്കാനോ പിന്താങ്ങാനോ ഇല്ല. പക്ഷേ, പ്രശ്നം ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറില്ലെന്നതാണ്.” പുടിന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. മാത്രമല്ല, റഷ്യ പലവട്ടം ഇങ്ങനെയൊരു കരാറില്‍ ഒപ്പുവെക്കുന്നതു സംബന്ധിച്ച് അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതിനവര്‍ തയ്യാറായില്ലെന്നു കുറ്റപ്പെടുത്തുകയും ചെയ്തു. “സ്നോഡന് അമേരിക്കയില്‍ എന്തങ്കിലും കുറ്റം ചെയ്തോ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്കു വിധിയെഴുതാനാവില്ല. പക്ഷേ, ഒരു പരമാധികാര രാജ്യമെന്ന നിലയില്‍ അമേരിക്കയുമായി കൈമാറ്റക്കരാറൊന്നുമില്ലാതിരിക്കെ ഞങ്ങള്‍ക്ക് സ്നോഡന് ഇവിടെ താമസിക്കാന്‍ സൗകര്യം കൊടുക്കുകയല്ലാതെ വേറേ ഒന്നും ചെയ്യാനില്ല.” പുടിന് പറഞ്ഞു.
അതേസമയം റഷ്യക്ക് സ്നോഡനില്നിന്ന് ഒരു രഹസ്യവും കിട്ടിയിട്ടില്ലെന്നും ഒന്നും സമ്പാദിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുടിന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: